സയോണ്‍ ‘സ്‌നേഹസാന്ത്വനം-2019’: ഡോ. വി പി ഗംഗാധരന്‍ ദമാമിലെത്തുന്നു

Posted on: November 13, 2019 10:56 pm | Last updated: November 13, 2019 at 11:46 pm

ദമാം: ‘സയോണ്‍’ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘സ്‌നേഹസാന്ത്വനം- 2019’ എന്ന ശീര്‍ഷകത്തില്‍ അര്‍ബുദ പ്രതിരോധ ബോധവത്കരണ സെമിനാറും സയോണ്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് ദാനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കിഴക്കന്‍ പ്രവിശ്യയിലെ യൂത്ത് കൂട്ടായ്മയാണ് സയോണ്‍.

നവംബര്‍ 15 -ന് വൈകീട്ട് അഞ്ചിന് ദമാം ക്രിസ്റ്റല്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റ് ഡോ. വി പി ഗംഗാധരന്‍ കാന്‍സര്‍ പ്രതിരോധ ബോധവത്കരണ സെമിനാറിന് നേതൃത്വം നല്‍കും. ഡോക്ടറുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍. പ്രമുഖ വ്യവസായി ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സയോണ്‍ വിഷന്‍ ഫോര്‍ ലൈഫ് അവാര്‍ഡ്’ ഡോക്ടര്‍ വി പി ഗംഗാധരനും സയോണ്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്- 2019′ ദമാമിലെ സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കത്തിനും ഇന്ത്യന്‍ നാരി ശക്തി പുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടനും നല്‍കി ആദരിക്കും.

പരിപാടിയോടനുബന്ധിച്ച് ദമാം ബദര്‍ അല്‍-റബീഇലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പും പ്രശസ്ത പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ നയിക്കുന്ന സംഗീത സായാഹ്നവും നടക്കും. പരിപാടിയില്‍ ബൈജു കുര്യാക്കോസ്, മാത്യു കെ എബ്രഹാം, ബിജു ദാനിയേല്‍, ജേക്കബ് തോമസ്, ജി സി എല്‍സണ്‍ പ്രസംഗിക്കും. കഴിഞ്ഞ നാലുവര്‍ഷമായി വൃക്ക, കാന്‍സര്‍ രോഗികളായ 390 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍മാരായ ജേക്കബ് തോമസ്, മാത്യു ഏബ്രഹാം, ജി സി എല്‍സണ്‍, സെക്രട്ടറിമാരായ ലിബു തോമസ്, ജോഷി പുന്നൂസ് സംബന്ധിച്ചു.