ശബരിമല: കോടതി എന്ത് തീരുമാനിച്ചാലും എല്ലാവരും അംഗീകരിക്കണം- സി പി എം

Posted on: November 13, 2019 3:03 pm | Last updated: November 13, 2019 at 9:50 pm

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹരജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് എടുക്കുന്ന തീരുമാനം എല്ലാവരും ഒരുമിച്ച് അംഗീകരിക്കണമെന്ന് സി പി എം. കോടതി എന്ത് വിധിച്ചാലും അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും സി പി എം സംസ്ഥാന കമ്മിറ്റി കെ അനന്തഗോപന്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശന വിധി വന്ന ഉടന്‍ എല്ലാ രാഷ്ട്രീയ സംഘടനകളും അത് സ്വാഗതം ചെയ്തതാണ്. പി്ന്നീട് ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.

അത്തരത്തിലുള്ള അവസ്ഥ ഇപ്പോഴില്ല. റിവ്യൂ ഹരജികളില്‍ കോടതി നിയമാനുസൃതം വിധി പറയും. അത് എന്തായാലും അംഗീകരിച്ച് നടപ്പാക്കുക എന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്ത് വരുന്ന ഘട്ടത്തിലാണ് വിധി വരുന്നത്. ഒരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്ക് ബോധപൂര്‍വ്വം കൊണ്ട് പോയാലേ പ്രശ്‌നങ്ങളുണ്ടാകൂ. അല്ലെങ്കില്‍ കലാപമുണ്ടാകില്ല. യു ഡി എഫും ബി ജെ പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കഴിഞ്ഞ തവണ കലാപ അന്തരീക്ഷത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി പി എം വിശ്വാസികള്‍ക്കെതിരല്ല. എന്നാല്‍ അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും എതിരാണെന്നും അനന്തഗോപന്‍ കൂട്ടിച്ചേര്‍ത്തു.