വൃദ്ധ ദമ്പതികള്‍ തലക്കടിയേറ്റു കൊല്ലപ്പെട്ട നിലയില്‍; രണ്ട് ബംഗാളികള്‍ കസ്റ്റഡിയില്‍

Posted on: November 12, 2019 3:53 pm | Last updated: November 12, 2019 at 8:00 pm

ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന വെണ്‍മണി കൊഴുവല്ലൂര്‍ പാറച്ചന്ത ജംഗ്ഷന് സമീപം ആഞ്ഞിലിമൂട്ടില്‍ കെ പി ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി (70) എന്നിവരെയാണ് മണ്‍വെട്ടി, കമ്പിപ്പാര എന്നിവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയത്തില്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീടിന് സമീപം താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ വിളിച്ചുവരുത്തിയ രണ്ട് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് വിവരം. വൃദ്ധ ദമ്പതികളുടെ മകന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇത് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന.

പതിവായി പുലര്‍ച്ചെ നടക്കാനിറങ്ങാറുണ്ടായിരുന്ന ചെറിയാനെ ചൊവ്വാഴ്ച കാണാതിരുന്നതിനെ തുടര്‍ന്ന് രാവിലെ ഏഴോടെ സുഹൃത്തും ബന്ധുവും നടത്തിയ അന്വേഷണത്തിനിടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ തുറന്ന് കിടന്നിരുന്നു. ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ലില്ലിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. മൃതദേഹത്തില്‍ മണ്‍വെട്ടിയുടെ ഭാഗങ്ങളും കിടന്നിരുന്നു. സുഹൃത്തും ബന്ധുവും അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ചെറിയാനെ പുറത്തെ സ്റ്റോര്‍ റൂമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വീട്ടുപണിക്കായി ബംഗാളികള്‍ ഇവിടെ എത്തിയിരുന്നതായി അയല്‍വാസികള്‍ പോലീസിനു വിവരം നല്‍കിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിജു ചെറിയാന്‍, ബിന്ദു, പരേതയായ ബീന എന്നിവരാണ് ചെറിയാന്‍-ലില്ലി ദമ്പതികളുടെ മക്കള്‍. മരുമക്കള്‍: ഷൈനി, രഞ്ജു.