Connect with us

National

മഹാരാഷ്ട്രയില്‍ ശിവസേന ഗവര്‍ണറെ കണ്ടു; നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചക്കുമെന്ന സൂചനകള്‍ക്കിടെ നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. പിന്തുണ സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ശിവസേനക്ക് പിന്തുണ നല്‍കണമോയെന്ന കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇത് ശിവസേനയെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനിടെ ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണാനായി ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന രണ്ട് ദിവസംകൂടി സമയം ഗവര്‍ണറോട് ആവശ്യപ്പെട്ടതായും അറിയുന്നു. തിങ്കളാഴ്ച രാത്രി 7.30വരെയാണ് സര്‍ക്കാര്‍ രൂപീകരണ സന്നദ്ധത അറിയിക്കാനായി ഗവര്‍ണര്‍ ശിവസേനക്ക് സമയം അനുവദിച്ചത്.

ശിവസേനയ്ക്ക് പിന്തുണ നല്‍കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് രണ്ടുതവണ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ജയ്പൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലരുമായി സോണിയ ആശയവിനിമയം നടത്തി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ഉദ്ധവ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 288 അംഗ മഹാരാഷ്ട്രാ നിയമസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് 56 എംഎല്‍എമാരുള്ള ശിവസേന. ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്. കേവല ഭൂരിപക്ഷം ഇല്ലാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകണത്തില്‍നിന്നും ബിജെപി പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.