സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; ഇബ്‌റാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി

Posted on: November 10, 2019 2:44 pm | Last updated: November 10, 2019 at 5:29 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിനെതിരായ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകാതെ അന്വേഷണ സംഘം. അന്വേഷണത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണിത്.

അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം ഒക്ടോബര്‍ 22 ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ജനപ്രതിനിധി ആയതിനാലാണ് മുന്‍കൂര്‍ അനുമതി തേടിയത്. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. രണ്ടാംഘട്ട ചോദ്യം ചെയ്യലും വിശദമായ അന്വേഷണവും വഴിമുട്ടി നില്‍ക്കുകയാണ്.

അനുമതി വൈകുന്നതെന്തു കൊണ്ടാണെന്ന് നേരത്തെ കേരള ഹൈക്കോടതി ആരാഞ്ഞിരുന്നു. വിഷയത്തില്‍ വിജിലന്‍സിനോട് ഈ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.