ബാബരി ഭൂമി ഹിന്ദു ക്ഷേത്രത്തിന്; മുസ്ലിംങ്ങള്‍ക്ക് പകരം ഭൂമി- സുപ്രീം കോടതി

Posted on: November 9, 2019 11:22 am | Last updated: November 10, 2019 at 9:43 am

ന്യൂഡല്‍ഹി: അയോധ്യയില്‍ നൂറ്റാണ്ടുകളോളം പ്രാര്‍ഥന നടത്തിയ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ മുസ്ലിംങ്ങള്‍ക്ക് അവകാശമില്ലെന്ന് രാജ്യത്തെ പരമോന്നത കോടതി. മസ്ജിദ് നിലനിന്ന ഭൂമി പൂര്‍ണമായും ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് വിധിച്ചു. 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി പൂര്‍ണമായും സുപ്രീംകോടതി തള്ളി. ഇത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ രേഖകള്‍ വേണമെന്നും സുന്നി വഖ്ഫ് ബോര്‍ഡിന്റെ കൈകളില്‍ ഇത് തെളിയിക്കാന്‍ വേണ്ട രേഖകകളില്ലെന്നും സുപ്രീംകോടതി വിധിച്ചു. മുസ്ലിംങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാറോ, ഉത്തര്‍പ്രദേശ് സര്‍ക്കാറോ കണ്ടെത്തി നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ ഇതില്‍ തീരുമാനം എടുക്കണം. ഉചിതമായ സ്ഥലത്ത് ഭൂമി കണ്ടെത്തണം. സുന്നി വഖ്ഫ് ബോര്‍ഡിനാണ് ഭൂമി നല്‍കേണ്ടത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണം. ക്ഷത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപവത്ക്കരിച്ച് നല്‍കണം. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

രാവിലെ 10.30ന് കോടതി ചേര്‍ന്ന ഉടന്‍ ചീഫ് ജസ്റ്റിസ് വിധി പ്രസ്താവനയിലേക്ക് കടക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ് ഐ ബോബ്‌ഡെ, ഡി വഐ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഐക്യകണ്‌ഠേന വിധി പറഞ്ഞത്.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും കോടതി പ്രസ്താവിച്ചു. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കല്ല. തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കും. ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനം. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ല. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മിച്ചത്. ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ പള്ളി പൊളിച്ചത് നിയമലംഘനമാണ്. അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളിക്കളയാനാവില്ല.

എന്നാല്‍ രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്നും അതേസമയം ദൈവ സങ്കല്‍പ്പത്തിന് നിയമപരമായ അസ്തിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് ഷിയാ വഖ്ഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. സുന്നി വഖ്ഫ് ബോര്‍ഡാമ് കേസിന് അവകാശമുള്ള കക്ഷിയെന്നും കോടതി നിരീക്ഷിച്ചു.