പ്രവാചക മാസത്തെ വരവേറ്റ് നോട്ടിംഗ്ഹാമിൽ മീലാദ് റാലി

Posted on: November 7, 2019 12:39 pm | Last updated: November 7, 2019 at 4:28 pm
നോട്ടിംഗ്ഹാമിലെ ജാമിഅ ഫാത്വിമ മസ്ജിദ് പരിസരത്ത് നിന്ന് മീലാദ് റാലി ആരംഭിക്കുന്നു

നോട്ടിംഗ്ഹാം | ബ്രിട്ടനിലെ നോട്ടിംഗ്ഹാമിൽ റബീഉൽ അവ്വലിനെ വരവേറ്റ് നടത്തിയ മീലാദ് റാലിയിൽ പ്രദേശവാസികളായ നൂറുകണക്കിന് പേർ പങ്കെടുത്തു. ബെരിഡ്ജ് റോഡിലെ ജാമിഅ ഫാത്വിമ മസ്ജിദ് പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. നബികീർത്തന ഗാനങ്ങൾ പാടിയും ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തുമായിരുന്നു റാലി.

ഉച്ചക്ക് 12ന് ആരംഭിച്ച റാലി ഫോറസ്റ്റ് റിക്രിയേഷൻ ഗ്രൗണ്ടിലേക്കാണ് നീങ്ങിയത്. മാൻസ്ഫീൽഡ് റോഡ്, മിൽട്ടൻ സ്ട്രീറ്റ്, ലോവർ പാർലിമെന്റ് സ്ട്രീറ്റ്, കിംഗ് എഡ്വാർഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോയ മീലാദ് റാലി സെന്റ് ആൻസ് വെൽ റോഡിലെ ഇസ്‌ലാമിക് സെന്ററിന് സമീപം അവസാനിച്ചു.
ഇസ്‌ലാമിന്റെ യഥാർഥ ആശയം സമാധാനവും സാഹോദര്യവും ആത്മീയതയുമാണെന്ന സന്ദേശം പകരുകയാണ് റാലിയുടെ ലക്ഷ്യമെന്ന് ഇസ്‌ലാമിക് സെന്റർ ട്രസ്റ്റി മുഹമ്മദ് അലി പറഞ്ഞു.

ഈ മാസം ഏറെ സവിശേഷമാണ്. മുസ്‌ലിംകൾക്ക് പ്രവാചകനോടുള്ള സ്‌നേഹം പ്രകടമാക്കുകയും എങ്ങനെയാണ് സമാധാന സന്ദേശം പ്രചരിപ്പിക്കേണ്ടതെന്ന പ്രവാചകാധ്യാപനം കാണിച്ചു നൽകുകയുമാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.