Connect with us

Educational News

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രമേള: ഐ എച്ച് ആര്‍ ഡി ഹൈസ്‌കൂളുകളെ ഉള്‍പ്പെടുത്തും

Published

|

Last Updated

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രമേളകളില്‍ ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ ഐ എച്ച് ആര്‍ ഡിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെക്കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനം. നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ ഐ ടി ഐകളിലെയും മറ്റും വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നത്.
എന്നാല്‍ പുതിയ തീരുമാനത്തിലൂടെ ഇത്തവണ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ കണ്ണൂരില്‍ നടക്കുന്ന അഖിലകേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രസാങ്കേതിക മേളയില്‍ ഐ എച്ച് ആര്‍ ഡിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി പങ്കെടുക്കാം.

ഇതുവരെ ഐ എച്ച് ആര്‍ ഡിക്ക് കീഴിലുള്ള ടി എച്ച് എസ് എസുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകാര്‍ക്ക് ശാസ്‌ത്രോത്സവത്തില്‍ മത്സരിക്കാന്‍ വേദിയുണ്ടായിരുന്നില്ല.
മലപ്പുറം വട്ടംകുളം ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ കമ്മിറ്റി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. കണ്ണൂരില്‍ നടക്കുന്ന മേളയില്‍ ഐ എച്ച് ആര്‍ ഡിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെക്കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു പി ടി എയുടെ അഭ്യര്‍ഥന. ഇത് പരിശോധിച്ച സാങ്കേതിക വിദ്യാഭ്യാസവകുപ്പ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഇവര്‍ക്കും അനുവാദംനല്‍കി ഉത്തരവായി.