Connect with us

Kerala

രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം: സംസ്ഥാനത്ത് സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ നിരോധനം കര്‍ശനമാക്കും

Published

|

Last Updated

ന്യൂഡല്‍ഹി / തിരുവനന്തപുരം | വിദ്യാര്‍ഥികളില്‍ നല്ല ശീലം വളര്‍ത്തുക എന്ന ലക്ഷ്യവുമായി രാജ്യത്തെ എല്ലാ സ്‌കൂളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിക്കാന്‍ തീരുമാനം. കൂടാതെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നേരത്തെ ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം കൂടുതല്‍ കര്‍ശനമാക്കും. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയും സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ജങ്ക് ഫുഡ് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിദ്യാലയങ്ങളിലും പരിസരത്തും അടുത്തമാസം ആദ്യം മുതല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ ഒരു സ്‌കൂളിലെയും ക്യാന്റീനില്‍ ജങ്ക് ഫുഡ് അനുവദിക്കില്ല. വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ഇത് വില്‍ക്കാനും പാടില്ല. ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ് എന്നിവ വില്‍ക്കുന്നതിനും വിലക്കുണ്ട്. കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ല. ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കാനും അനുവദിക്കില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ സ്ന്റാന്‍ഡേര്‍ഡ് അതോറിറ്റി പറയുന്നത്.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദേശിക്കുന്ന സര്‍ക്കുലറില്‍ തന്നായാണ് ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്‌സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

 

 

---- facebook comment plugin here -----

Latest