അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന്: സഞ്ജയ് റാവത്ത്

Posted on: November 5, 2019 12:16 pm | Last updated: November 5, 2019 at 7:01 pm

ന്യൂഡല്‍ഹി | ബി ജെ പിയെ അധികാരത്തില്‍ നിന്ന് നീക്കാന്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന സൂചന നല്‍കി പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്നും ശിവസേനയുടെ രാജ്യസഭ എം പികൂടായായ സഞ്ജയ് റാവത്ത് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരട്ടത്തില്‍ തങ്ങള്‍ വിജയിക്കും. ഈ ബഹളം ഒരു നാടകമായി കാണേണ്ട. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം സൂചന നല്‍കിയത്.

ശരത് പവാര്‍ ുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു റാവത്തിന്റെ മറുപടി. സത്യപ്രതിജ്ഞ വൈകാതെയുണ്ടാകും. സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 12 ദിവസമായിട്ടും സര്‍ക്കാര്‍ എന്ന് നിലവില്‍ വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. ശനിയാഴ്ച നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. 288 അംഗ സഭയില്‍ ബി ജെ പിക്ക് 105 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍ സി പിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്. സ്വതന്ത്രരും ചെറുപാര്‍ട്ടികള്‍ക്കുമായി 29 പേരുമുണ്ട്.