Connect with us

National

കൂടംകുളത്തെ സൈബര്‍ ആക്രമണം: ഉത്തര കൊറിയന്‍ ഹാക്കര്‍മാരെന്ന് ഉറപ്പിച്ച് ദക്ഷിണ കൊറിയ

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ അതീവ സുരക്ഷിതമായ കമ്പ്യൂട്ടര്‍ ശ്രംഖലക്ക് നേരെ ഒക്ടോബറില്‍ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരെന്ന് ദക്ഷിണ കൊറിയ. മാല്‍ വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്കു നുഴഞ്ഞു കയറാനായിരുന്നു ശ്രമം. ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിംഗ് സംഘം വികസിപ്പിച്ച ഡിട്രാക് എന്ന വൈറസാണ് കൂടംകുളത്തു കണ്ടെത്തിയതെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. ഇക്കാര്യമാണിപ്പോള്‍ ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള “ഇഷ്യുമെയ്‌ക്കേഴ്‌സ് ലാബ്” എന്ന സൈബര്‍ സുരക്ഷാ കൂട്ടായ്മ തെളിവുകള്‍ സഹിതം സ്ഥിരീകരിച്ചിരിക്കുന്നത്.

ആണവനിലയില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലേക്കായിരുന്നു മാല്‍വെയര്‍ ഉപയോഗിച്ച് ഒക്ടോബര്‍ 30ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരായ അനില്‍ കാക്കോദ്കര്‍, എസ് എ ഭരദ്വാജ് എന്നിവരുടെ കമ്പ്യൂട്ടറുകളിലേക്കും നുഴഞ്ഞു കയറാനും ഡിട്രാക്ക് ശ്രമിച്ചിരുന്നു. മാല്‍വെയര്‍ ഒളിപ്പിച്ച ലിങ്കുകളുമായി ഇമെയില്‍ അയച്ചായിരുന്നു ഹാക്കിങ്ങിനുള്ള ശ്രമം. തോറിയം ഉപയോഗിച്ചുള്ള ആണവോദ്തപ്പാദനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക എന്നതായിരുന്നു ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്തെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.

ഇന്ത്യന്‍ ആണവനിലയങ്ങളില്‍ പ്രധാനമായും തോറിയം ഉപയോഗിച്ചുള്ള ഉര്‍ജോത്പ്പാദനമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ലോകത്തെ മികച്ച സാങ്കേതിക വിദ്യാണ് ഇന്ത്യക്കുള്ളത്. യുറേനിയത്തില്‍ നിന്നു മാറി തോറിയം ഉപയോഗിച്ചുള്ള ഊര്‍ജോത്പാദനത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്തര കൊറിയ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് കൂടംകുളത്തെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ദക്ഷിണ കൊറിയയുടെ പല സൈനിക രഹസ്യങ്ങളും ഉത്തര കൊറിയന്‍ സൈന്യം ഇത്തരത്തില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.