Connect with us

National

ആര്‍ ഇ സി പി കരാറില്‍ ഇന്ത്യ ഒപ്പിടില്ല; തുടര്‍ ചര്‍ച്ചകള്‍ക്കുമില്ല

Published

|

Last Updated

ബാങ്കോക്ക് | മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍(ആര്‍ ഇ സി പി) ഇന്ത്യ ഒപ്പിടില്ല. കരാര്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ ഇ സി പി ഉച്ചകോടിയെ അറിയിച്ചു. കരാറില്‍ തുടര്‍ ചര്‍ച്ചകള്‍ക്കും ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ആശങ്കകള്‍പരിഗണിക്കപ്പെടാത്തിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈന ഉള്‍പ്പെടെയുള്ള പതിനഞ്ചു രാജ്യങ്ങള്‍ അടുത്ത വര്‍ഷം കരാറില്‍ ഒപ്പ് വെക്കും.

ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ കരാര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍ ഇ സി പി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകളില്‍ സമവായമുണ്ടാക്കാനായില്ല.

അടുത്തവര്‍ഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആര്‍ ഇ സി പി കരാര്‍ ലക്ഷ്യമിടുന്നത്.

Latest