Connect with us

National

ക്വാറി, ഖനന മാഫിയകള്‍ക്ക് പിടിവീഴും; നൂറ് ശതമാനം പിഴ ഈടാക്കാന്‍ കേന്ദ്ര നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രകൃതിവിഭവങ്ങള്‍ കവര്‍ന്നെടുക്കുന്ന അനധികൃത ഖനന ക്വാറി മാഫിയകള്‍ക്ക് തടയിടാന്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമലംഘകരില്‍ നിന്ന് അനധികൃതമായി ഖനനം ചെയ്ത ധാതുക്കളുടെ മുഴുവന്‍ മൂല്യവും പിഴയായി ഈടാക്കാന്‍ കേന്ദ്രം വിവിധ ഏജന്‍സികളോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു. നിലവില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ചുമത്തുന്ന പിഴ ഓരോ സംസ്ഥാനത്തും ഓരോ കേസുകളിലും വ്യത്യസ്തമാണ്. ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മാഫിയ ശൃംഖലകളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ധാതുലവണങ്ങളുടെ മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

അനധികൃത ഖനന വസ്തുക്കള്‍ കൊള്ളയടിച്ച പൊതു സ്വത്ത് പോലെ പരിഗണിക്കണമെന്നും കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ദേശീയ ധാതു നയത്തിന് അനുസൃതമായി മൊത്തം മൂല്യം പിഴയായി ഈടാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. പൊതു സ്വത്ത് മോഷ്ടിക്കപ്പെട്ടാല്‍, ഒന്നുകില്‍ അത് അതിന്റെ ഉടമയ്ക്ക് തിരികെ നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ മുഴുവന്‍ മൂല്യത്തിനും അനുസൃതമായി പണം തിരികെ നല്‍കുകയോ ചെയ്യണം. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസുകളിലും ഇതേ സമീപനം സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. 2013 മുതലുള്ള അനധികൃത ഖനന കേസുകള്‍ പരിശോധിച്ചതിന് ശേഷമാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയത്.

ഖനന ധാതു നിയമത്തിലെ സെക്ഷന്‍ 23 സി അനുസരിച്ച്, അനധികൃത ഖനനം, ധാതുക്കളുടെ സംഭരണവും കടത്തലും എന്നിവ തടയുന്നതിനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അതുപോലെ, ധാതുസമ്പത്ത് കൈകാര്യം ചെയ്യുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. വിലയേറിയ പ്രകൃതിവിഭവങ്ങള്‍ ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഗുണകരമാകുകയും ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. കമ്പ്യൂട്ടര്‍, സാറ്റലൈറ്റ് ഇമേജറി, വീഡിയോഗ്രഫി തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിനായി രജിസ്റ്ററുകള്‍ സൂക്ഷിക്കണമന്നും 2017 ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് കേന്ദ്രം നിര്‍ദേശിച്ചു.

4.1 ലക്ഷത്തിലധികം അനധികൃത ഖനന കേസുകളില്‍ ഉള്‍പ്പെട്ട ഖനന മാഫിയകളില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,851 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് രേഖകള്‍ പറയുന്നു. ധാതു ഉല്‍പാദനത്തിന്റെ മൊത്തം മൂല്യം, ആറ്റോമിക്, ഇന്ധന ധാതുക്കള്‍ ഒഴികെ 2017-18ല്‍ 1.13 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെട്ടിരുന്നു. 2018 ല്‍ 1.15 ലക്ഷത്തിലധികം അനധികൃത ഖനന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നിലവില്‍ 80,000 കേസുകള്‍ സംസ്ഥാനങ്ങളിലുടനീളം കോടതികളില്‍ കെട്ടിക്കിടക്കുന്നു. ഭേദഗതി ചെയ്ത ചട്ടമനുസരിച്ച്, അഞ്ച് വര്‍ഷം വരെ ഉയര്‍ന്ന പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്തിക്കൊണ്ട് ശിക്ഷാനടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് കൊണ്ട് രാജ്യത്തുടനീളമുള്ള അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിച്ചിട്ടില്ല.

പുതിയ ധാതു നയവും നിയമത്തിലെ ഭേദഗതികളും അനുസരിച്ച് അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ട്. ഒഡീഷ പോലുള്ള ചില സംസ്ഥാനങ്ങളില്‍ പോലീസ് കേസുകളുടെ എണ്ണം വളരെ കുറവാണ്. ഒഡീഷയില്‍ രണ്ട് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷേ അനധികൃത ഖനനം ഇവിടെ വ്യാപകമാണ്.