കര്‍താര്‍പൂര്‍ ഇടനാഴിയില്‍ ഭീകര ക്യാമ്പുകളെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Posted on: November 4, 2019 2:44 pm | Last updated: November 4, 2019 at 4:20 pm

ചണ്ഡിഗഡ്: പാക്കിസ്ഥാനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ പ്രയാണം തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ സുരക്ഷാ വിഷയത്തില്‍ വലിയ ആശങ്ക നല്‍കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കര്‍താര്‍പൂര്‍ സ്ഥിതി ചെയ്യുന്ന പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവല്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തയിരിക്കുന്നത്. മുരിഡ്‌കെ, ഷക്കര്‍ഗഡ് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതായാണ് വിവരം.

തിര്‍ഥാടകര്‍ക്ക് നേരെ ആക്രണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടനാഴി തുറക്കുന്നതില്‍ പാക്കിസ്ഥാന്‍ കാട്ടിയ അമിത താത്പര്യവും സംശയത്തിനിട നല്‍കുന്നതാണെന്നും സിഖ് വികാരം ചൂഷണം ചെയ്ത് ഇന്ത്യയില്‍ ഖാലിസ്ഥാന്‍ അജന്‍ഡ ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസ്’ എന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചുവരികയാണ്

ഇന്ത്യയിലെ പഞ്ചാബില്‍ ഗുരുദാസ്പുര്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയെ നരോവലിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. അതിര്‍ത്തിക്കിപ്പുറം നാല് കിലോമീറ്ററോളം പാക്ക് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യവിരുദ്ധ നടപടികളും ലഹരിമരുന്നു കടത്തും നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള ആദ്യ തീര്‍ഥാടക സംഘം കര്‍താര്‍പൂര്‍ ഇടനാഴി കടന്ന് ഗുരുദ്വാരയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനെടയാണ് ഈ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്. .