Connect with us

National

മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി: പവാര്‍ ഇന്ന് സോണിയയെ കണ്ടേക്കും

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തെ ചൊല്ലി സഖ്യ കക്ഷികളായ ബി ജെ പിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ എന്‍ സി പി തലവന്‍ ശരദ് പവാര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടേക്കും. ശിവസേന നേതാവ് സഞ്ജയ് റൗത്ത് താനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പവാര്‍ സോണിയയെ കാണാനൊരുങ്ങുന്നത്. ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ പവാറിനെ ഫോണില്‍ ബന്ധപ്പെട്ടതും രാഷ്ട്രീയ വൃത്തങ്ങളില്‍ വ്യാപക ചര്‍ച്ചയായിട്ടുണ്ട്. ഈ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ സേനയോ പവാറോ വെളിപ്പെടുത്തിയിട്ടില്ല.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ച എന്‍ സി പിക്ക് ശിവസേനയുടെ ആവശ്യത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കാനാകില്ലെന്ന് എന്‍ സി പിയുടെ മുതിര്‍ന്ന നേതാവ് അജിത് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അധികാരത്തോട് ആര്‍ത്തി കാണിക്കുന്ന പാര്‍ട്ടിയല്ല തങ്ങളുടെതെന്നും പ്രതിപക്ഷത്തിരിക്കാനാണ് ജനം വിധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന കൃത്യമായ നിലപാടുമായി മുന്നോട്ടു വരുന്നതു വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്ത് ബി ജെ പി ഇതര സര്‍ക്കാറിനെ പിന്തുണക്കാനുള്ള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയുന്നില്ല. അതേസമയം, ബി ജെ പിയുമായി മെച്ചപ്പെട്ട ഉടമ്പടിയുണ്ടാക്കാനുള്ള നീക്കമാണ് ശിവസേന നടത്തുന്നതെന്നും എന്‍ ഡി എക്കു പുറത്തുവന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവര്‍ തയാറാകില്ലെന്നും കോണ്‍ഗ്രസിനകത്ത് വാദമുണ്ട്.

പാര്‍ട്ടിക്ക് ആശയപരമായി നിരവധി വിയോജിപ്പുകളുള്ള ശിവസേനയുമായി ഒരുതരത്തിലുള്ള ധാരണയും ഉണ്ടാക്കരുതെന്നും അങ്ങനെ ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളെ ബാധിക്കുമെന്നും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പറയുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള മല്ലികാര്‍ജുന്‍ കാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നീ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ നിലപാടുകാരാണ്.

എന്നാല്‍, ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ മറ്റൊരു പാര്‍ട്ടിയെ പുറത്തു നിന്ന് പിന്തുണക്കുന്നതില്‍ തെറ്റില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ അശോക് ചവാന്‍, പ്രിഥ്വിരാജ് ചവാന്‍ എന്നിവരുടെ അഭിപ്രായം. ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും അടിയുറച്ച നിലപാടുകളുമായി മുന്നോട്ടു വന്ന് കോണ്‍ഗ്രസ് പിന്തുണ തേടട്ടെ എന്നാണ് ഇവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ അഭിപ്രായം.

288 അംഗ നിയമസഭയില്‍ ബി ജെ പി 105 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 56 ആണ് ശിവസേനയുടെ കൈവശമുള്ളത്. പ്രതിപക്ഷമായ എന്‍ സി പിക്ക് 54ഉം സഖ്യ കക്ഷിയായ കോണ്‍ഗ്രസിന് 44ഉം സീറ്റുണ്ട്. സ്വതന്ത്ര കക്ഷികള്‍, ഇരു മുന്നണികളിലെയും സഖ്യ കക്ഷികള്‍ ഉള്‍പ്പടെയുള്ള ചെറിയ പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 29 സീറ്റ് ആണ് ലഭിച്ചിട്ടുള്ളത്.