Connect with us

Kerala

കോഴിക്കോട്ടെ യു എ പി എ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവില്‍ പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചത്. യു എ പി എ കേസില്‍ ഉറച്ച് നില്‍ക്കുന്നോയെന്ന് പോലീസിനോട് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതക്കായി രണ്ട് ദിവസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് കേസ് കോടതി മാറ്റിയത്.

പ്രതികള്‍ മാവോയിസ്റ്റാണെന്ന് കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതിന് വ്യക്തമായ തെളിവുണ്ട്. വിദഗ്ദ പരിശീലന ലഭിച്ചവരാണ് ഇവര്‍. പലതും ഇവര്‍ മറച്ചുവെക്കുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനാല്‍ ജാമ്യം നല്‍കരുത്. പ്രതികളെ വിശദ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ ലഘുലേഖ കണ്ടെത്തിയെന്നാണ് പ്രതികള്‍ക്ക് എതിരെ പോലീസ് പറയുന്നത്.  യു എ പി എ ചുമത്താനുള്ള കാരണമല്ലിത്. പ്രതികള്‍ യുവാക്കളാണ്. അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. അവരുടെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് പോലീസ് സീകരിക്കുന്നതെന്നും പ്രതിഭാഗം പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടില്‍ മാവോയിസ്‌റ്റെന്ന് പറയുന്നുണ്ടല്ലോയെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. കേസില്‍ യു എ പി എ നിലനില്‍ക്കില്ലെന്നും മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചു. യു എ പി എ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

Latest