ശ്രദ്ധിക്കുക, പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍

Posted on: November 3, 2019 10:09 pm | Last updated: November 4, 2019 at 1:07 pm

പ്രായമാകുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ദുര്‍ബലമാവുകയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ഈ പ്രശ്‌നങ്ങളില്‍ ചിലത് സമയബന്ധിതമായ ഇടപെടലിലൂടെ തടയാന്‍ കഴിയുമെങ്കിലും, ചിലതിന് ശസ്ത്രക്രിയ ആവശ്യമായി വരാം. പ്രായവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ കണ്ണ് പ്രശ്‌നങ്ങളെക്കുറിച്ച് വായിക്കാം.

വെള്ളെഴുത്ത് (പ്രെസ്ബിയോപിയ)

40 വയസ്സ് ആകുമ്പോഴേക്കും നമ്മില്‍ മിക്കവര്‍ക്കും റീഡിംഗ് ഗ്ലാസുകള്‍ ആവശ്യമാണ്. പ്രെസ്ബിയോപിയ അഥവാ വെള്ളെഴുത്ത് എന്ന പ്രശ്‌നമാണ് ഇതിന് കാരണം.

വെള്ളെഴുത്ത് ഒരു സാധാരണ നേത്ര പ്രശ്‌നമാണ്. പ്രായത്തിനനുസരിച്ച് ക്രമേണയാണ് അത് വലുതാകുന്നത്. പക്ഷേ നാല്‍പതുകളില്‍ എത്തുന്നതിനുമുമ്പ് ഇത് കണ്ടെത്തുന്നതില്‍ നമ്മള്‍ പരാജയപ്പെടുകയാണ് പതിവ്. നമുക്ക് സമീപമുള്ളതോ ചെറിയ അച്ചടിയില്‍ ഉള്ളതോ ആയ വസ്തുക്കള്‍ കാണുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ് വെള്ളെഴുത്ത്. വെള്ളെഴുത്ത് ഉള്ളവര്‍ക്ക് പലപ്പോഴും തലവേദനയോ ക്ഷീണമോ അനുഭവപ്പെടാറുണ്ട്. റീഡിംഗ് ഗ്ലാസുകള്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

ഫ്‌ലോട്ടറുകള്‍

സൂര്യപ്രകാശത്തിലായിരിക്കുമ്പോഴോ, ശോഭയുള്ള ഒരു പ്രകാശത്തെ അഭിമുഖീകരിക്കുമ്പോഴോ അല്ലെങ്കില്‍ ഒരു വെളുത്ത കടലാസിലേക്ക് നോക്കുമ്പോഴോ നിങ്ങളുടെ കണ്ണുകള്‍ക്ക് മുന്നില്‍ ചെറിയ പാടുകളോ പുള്ളികളോ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ പാടുകള്‍ ഫ്‌ലോട്ടറുകള്‍ എന്നറിയപ്പെടുന്നു. ഫ്‌ലോട്ടറുകള്‍ സാധാരണമാണ്. എന്നാല്‍ ഇത് അധികമായാല്‍ കാഴ്ച തടസ്സപ്പെടും.

ഫ്‌ലോട്ടറുകള്‍ സാധാരണയായി വ്യത്യസ്ത തരം ലൈറ്റുകളില്‍ പ്രത്യക്ഷപ്പെടും. അവ ചിലന്തിവല, ഗ്രേ ഡോട്ടുകള്‍, ത്രെഡ് പോലുള്ള ഘടനകള്‍ തുടങ്ങിയ രൂപത്തിലാണ് കാണപ്പെടുക. കണ്ണുകളുടെ പുറകിലുള്ള ജെല്‍ പോലുള്ള പദാര്‍ത്ഥമായ വിട്രിയസിന്റെ ഭാഗമാണ് ഈ അടയാളങ്ങള്‍. പ്രായത്തിനനുസരിച്ച്, ഈ കൊളാജന്‍ നാരുകള്‍ ചെറുകഷണങ്ങളായി ചുരുങ്ങുകയും ഒരു ക്ലസ്റ്റര്‍ രൂപപ്പെടുകയും നിങ്ങളുടെ റെറ്റിനയില്‍ നിഴലുകള്‍ ഇടുകയും ചെയ്യുന്നു. അവയാണ് ഫ്‌ലോട്ടറുകളായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.

കണ്ണുനീര്‍ പൊടിയുക

വെളിച്ചം, പൊടി, കാറ്റ് അല്ലെങ്കില്‍ താപനിലയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയ കാരണം അമിതമായി കണ്ണുനീര്‍ വരും. കണ്ണുനീര്‍ നാളങ്ങളില്‍ തടസ്സമോ വീക്കമോ ഉണ്ടാകുന്നതാണ് ഇതിന് കാരണം. കണ്ണുനീര്‍ നാളങ്ങളില്‍ തടസ്സം ഉണ്ടാകുമ്പോള്‍ കണ്ണുനീര്‍ കണ്ണുകളില്‍ നിന്ന് താഴേക്ക് വീഴാനിടയാക്കും. കണ്ണൂനീര്‍ നാളിയിലെ തടസ്സം അണുബാധക്കും കാരണമാകും.

വരണ്ട കണ്ണുകള്‍

നിങ്ങളുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉണ്ടാവാതിരിക്കുകയോ ഗുണനിലവാരമില്ലാത്ത കണ്ണുനീര്‍ ഉണ്ടാക്കുകയോ ചെയ്യുന്ന അവസ്ഥയാണ് വരണ്ട കണ്ണുകള്‍ക്ക് കാരണം. വരണ്ട കണ്ണുകളുടെ ഏറ്റവും സാധാരണമായ ലക്ഷണം കണ്ണുകളില്‍ ചൂട് അനുഭവപ്പെടുന്നതാണ്. കണ്ണുകള്‍ക്ക് ചുറ്റും പീളകെട്ടുക, കണ്ണുകളില്‍ ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കുമ്പോഴുള്ള ബുദ്ധിമുട്ട്. കാഴ്ച മങ്ങല്‍, തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.

വരണ്ട കണ്ണുകള്‍ പ്രായമായവരില്‍ കൂടുതലായി കണ്ടുവരുന്നു. കണ്ണിന്റെ അണുബാധ, കണ്ണിന്റെ വീക്കം, കോര്‍ണിയ അള്‍സര്‍, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവ ദൈനംദിന ജോലികള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു.

ഹ്യുമിഡിഫയറിന്റെ ദൈനംദിന ഉപയോഗം വരണ്ട കണ്ണുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രശ്‌നംരൂക്ഷമായാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

തിമിരം

കണ്ണുകളുടെ ലെന്‍സിന് മുകളില്‍ മേഘാവൃതമായ പോലെ ഒരു ആവരണം രൂപപ്പെടുന്നതാണ് തിമിരം. ഇത് കാഴ്ച മങ്ങിക്കുകയും കാര്യങ്ങള്‍ കാണുന്നത് മിക്കവാറും അസാധ്യമാക്കുകയും ചെയ്യുന്നു. തിമിരം കാലത്തിനനുസരിച്ച് സാവധാനത്തില്‍ വളരുകയാണ് ചെയ്യുന്നത്. ഇത് ലെന്‍സിന്റെ ഒരു ചെറിയ പ്രദേശത്തെ തുടക്കത്തില്‍ ബാധിക്കുന്നു. തുടക്കത്തില്‍ ഇത് ശ്രദ്ധിച്ചിരിക്കില്ല, പക്ഷേ വളരുന്തോറും അത് നിങ്ങളുടെ കാഴ്ചയെ ബാധിക്കും.

മങ്ങിയ കാഴ്ച (പ്രത്യേകിച്ച് രാത്രിയില്‍), പ്രകാശത്തോടുള്ള സംവേദനക്ഷമത, ലൈറ്റുകള്‍ക്ക് ചുറ്റും വൃത്തമുള്ള വലയങ്ങള്‍, ഒരൊറ്റ കണ്ണില്‍ ഇരട്ട കാഴ്ച എന്നിവയാണ് തിമിരത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.

തിമിരം ബാധിച്ച ഒരാളുടെ കാഴ്ച വീണ്ടെടുക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് തിമിര ശസ്ത്രക്രിയ.

ഗ്ലോക്കോമ

കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതാണ് ഗ്ലോക്കോമക്ക് കാരണം. നേരത്തേ ചികിത്സിച്ചില്ലെങ്കില്‍ അന്ധതയ്ക്ക് ഇത് കാരണമാകും. വാര്‍ദ്ധക്യം കൂടാതെ പ്രമേഹം, മരുന്നുകള്‍ എന്നിവയും ഗ്ലോക്കോമയ്ക്ക് കാരണമാകും. ഇത് പാരമ്പര്യപരവും ആകാം.

ഇതിന് മുന്‍കൂട്ടി മുന്നറിയിപ്പ് അടയാളങ്ങളൊന്നുമില്ല. 60 വയസ്സിനു മുകളിലുള്ളവരില്‍ അന്ധതയുടെ ഒരു സാധാരണ കാരണമാണ് ഗ്ലോക്കോമ.

തുള്ളി മരുന്ന്, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ എന്നിവയിലൂടെ ഇത് ചികിത്സിക്കാം.

കണ്‌പോളകളുടെ പ്രശ്‌നങ്ങള്‍

കണ്‌പോളകള്‍ പൊടി, വെളിച്ചം, വിവിധ ബാഹ്യ ഹാനികരമായ ഘടകങ്ങള്‍ എന്നിവയില്‍ നിന്ന് നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു. പ്രായത്തിനനുസരിച്ച്, നമ്മുടെ കണ്‌പോളകള്‍ക്ക് വേദന, ചൊറിച്ചില്‍ അല്ലെങ്കില്‍ പ്രകാശത്തോടുള്ള സംവേദനക്ഷമത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാധാരണയായി മറ്റ് രോഗങ്ങളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്. കാരണത്തെ ആശ്രയിച്ച്, കണ്‌പോളകളുടെ പ്രശ്‌നങ്ങള്‍ മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ച് ചികിത്സിക്കാം.

ചികിത്സയെക്കാള്‍ പ്രതിരോധമാണ് എല്ലായ്‌പ്പോഴും നല്ലത്. അതിനാല്‍ നിങ്ങള്‍ ഒരു നേത്ര പ്രശ്‌നം വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, സമയബന്ധിതമായ ആരോഗ്യപരിശോധനകള്‍ നടത്തുന്നത് നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.