പുകമഞ്ഞിലെ കളി; ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ട്വന്റി20 ഇന്ന്

സഞ്ജു കളിച്ചേക്കും
Posted on: November 3, 2019 2:14 pm | Last updated: November 3, 2019 at 3:36 pm
ശിഖർ ധവാൻ പരിശീലനത്തിനിടെ

ന്യൂഡൽഹി | രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കേ, ഇന്ത്യ- ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൽഹിൽ നടക്കും. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് കളി. വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റൻ വിരാട് കോലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.
ട്വന്റി20യിൽ ബംഗ്ലാദേശിനെതിരെ 8-0ത്തിന്റെ മികച്ച റെക്കോർഡാണ് ഇന്ത്യക്കുള്ളത്. അതിനാൽ, ഇന്ത്യയെ തോൽപ്പിക്കുക എന്നത് ബംഗ്ലാദേശിന് അത്ര എളുപ്പമാകില്ല. സൂപ്പർ താരങ്ങളായ ശാക്കിബൽഹസൻ, തമീം ഇഖ്ബാൽ തുടങ്ങിയവർ ഒപ്പമില്ലാത്തതും സന്ദർശകർക്ക് തിരിച്ചടിയാണ്. വിലക്കാണ് ശാക്കിബിന് വിനയായത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് തമീമും ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ശാക്കിബിന്റെ അഭാവത്തിൽ ക്യാപ്റ്റൻ മുഹമ്മദുല്ല, മുഷ്്ഫിക്കർ റഹീം, മുസ്തഫിസുർറഹ്മാൻ എന്നിവരുടെ ഉത്തരവാദിത്വം വർധിക്കും. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായും മുംബൈ ഇന്ത്യൻസിനായും ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള മുസ്തഫിസുറിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയ മുഹമ്മദ് നയീം ട്വന്റി20യിൽ ഇന്ന് അരങ്ങേറ്റം കുറിക്കും.. അൽ അമീനും സണ്ണിയും ഇലവനിൽ തിരിച്ചെത്താനും സാധ്യതയേറെ.

അതേസമയം, മൂന്ന് ഫോർമാറ്റിലും മിന്നുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധനൽകിയാകും കളിക്കുക. ട്വന്റി20യിൽ ഏറ്റവും കുടുതൽ റൺസ് നേടുന്ന കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കാൻ രോഹിതിന് ഇനി എട്ട് റൺസ് കൂടി മതി. ട്വന്റി20 ലോകകപ്പ് അടുത്ത വർഷം നടക്കുന്ന സാഹചര്യത്തിൽ ഓപണർ ശിഖർ ധവാനും പരമ്പര നിർണായകമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 36, 40 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോർ നില. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ ഫോം കണ്ടെത്താൻ ധവാൻ പാടുപെട്ടിരുന്നു. ഏഴ് മത്സരങ്ങളിൽ നേടിയത് ഒരു അർധ സെഞ്ച്വറി മാത്രമാണ്.
കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവർക്കും മികവ് തെളിയിക്കേണ്ടത് അനിവാര്യതയാണ്. ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, പുതുമുഖം ശിവം ദുബെ, യുസ്് വേന്ദ്ര ചഹൽ തുടങ്ങിയ യുവ താരങ്ങളും ടീമിന്റെ കരുത്തു കൂട്ടും.

ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയിലാണ് മത്സരം നടക്കുന്നത്. അന്തരീക്ഷ മലിനീകരണം തുടരുമെന്നാണ് വിവരം. പിച്ച് സ്പിന്നിനെ തുണക്കുമെന്നാണ് കരുതുന്നത്. മത്സരത്തലേന്ന് പിച്ചിൽ അൽപം പുല്ലുണ്ട്. അത് നീക്കം ചെയ്തില്ലെങ്കിൽ അത് പേസ്് ബൗളർമാർക്ക് അനുകൂല്യം നൽകിയേക്കാം. ബാറ്റിംഗിനെ തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മുഹമ്മദുല്ല പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കുന്നത്. 2016ൽ ട്വന്റി20 ലോകകപ്പിലായിരുന്നു ആദ്യത്തേത്. ഈ ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിൽ ഇന്ത്യയുടെ റൺനിരക്ക് 8.66 ആണ്. ആസ്‌ത്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ഈ കാലയളവിൽ ഇന്ത്യയേക്കാൾ റൺനിരക്കിൽ കൂടുതൽ സ്‌കോർ ചെയ്തത്.
സാധ്യതാ ടീം: ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, സഞ്ജു സാംസൺ/ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്്ടൺ സുന്ദർ, യുസ്്വേന്ദ്ര ചഹൽ/ രാഹുൽ ചഹർ, ദീപക് ചഹർ, ഷാർദുൽ ഠാക്കൂർ/ ഖലീൽ അഹ്്മദ്.

ബംഗ്ലാദേശ്: ലിറ്റൺ ദാസ് സൗമ്യ സർക്കാർ, മുഹമ്മദ് നയിം / മുഹമ്മദ് മിഥുൻ, മുശ്ഫിക്കർ റഹീം, മുഹമ്മദുല്ല (ക്യാപ്റ്റൻ), മൊസ്ദെക് ഹുസൈൻ, അഫിഫ് ഹുസൈൻ, അറഫാത്ത് സണ്ണി, മുസ്തഫിസുർ റഹ്്മാൻ, അൽഅമിൻ ഹുസൈൻ, അബു ഹൈദർ / തെയ്്ജുൽ ഇസ്്‌ലാം.

സഞ്ജു കളിച്ചേക്കും

സഞ്ജു സാംസൺ ഇന്ന് കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അങ്ങനെയെങ്കിൽ താരത്തിന്റെ രണ്ടാം അന്താരാഷ്ട്ര ട്വന്റി20 മത്സരമാകും ഇത്. 2015ൽ അരങ്ങേറിയതിന് ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല. നെറ്റ്‌സിൽ സഞ്ജു ഏറെ നേരം ചെലവഴിച്ചത് ശുഭസൂചനയാണ്.

സഞ്ജു പരിശീലനത്തിൽ

ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ശക്തമായി ആവശ്യമുന്നയിച്ചിരുന്നു. വിക്കറ്റ് കീപ്പറായല്ല, ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയതെന്ന് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ പുറത്തെടുത്ത ഡബിൾ സെഞ്ച്വറി പ്രകടനമാണ് സഞ്ജുവിനെ ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്. മുംബൈ ആൾ റൗണ്ടർ ശുവം ദുബെ ഇന്ന് അരങ്ങേറും. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇക്കാര്യം സൂചിപ്പിച്ചു. ഋഷഭ് പന്ത് വിക്കറ്റ് കാക്കും.