Connect with us

Kozhikode

ഫ്‌ളാറ്റ് യാഥാർഥ്യമായി; ആഹളാദത്തോടെ കല്ലുത്താൻകടവ്

Published

|

Last Updated

കല്ലുത്താൻ കടവ് ഫ്ളാറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സരോജിനി ഗോവിന്ദൻ താക്കോൽ ഏറ്റു വാങ്ങുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന ചേരി പ്രദേശങ്ങളായ കല്ലുത്താൻകടവ്, സത്രം കോളനി, ദോബിഘാന എന്നിവിടങ്ങളിലെ നിർധനരായ 600 ഓളം കുടുംബാംഗങ്ങൾക്കിത് സ്വപ്ന സാക്ഷാത്ക്കാരം. ആധുനിക സജ്ജീകരണങ്ങളോടെ സർക്കാർ പണിത ഫ്‌ളാറ്റിൽ ഇന്ന് മുതൽ അവർ അന്തിയുറങ്ങും. കല്ലുത്താൻകടവ് ഫ്ളാറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയിരുന്നു മുഖ്യമന്ത്രിയെയും മറ്റു വിശിഷ്ടാതിഥികളേയും  കോളനിവാസികൾ എതിരേറ്റത്. ലിഫ്റ്റ്, ഗ്യാസ് കണക്ഷൻ, വൈദ്യുതി ഇല്ലാത്ത സാഹചര്യത്തിൽ ജനറേറ്റർ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിങ്ങനെ 6,905 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ എട്ട് നിലകളിലായാണ് ഫ്‌ളാറ്റ്. ഒരു ഭവന യൂനിറ്റിന് 30.65 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഇതിൽ ഒരു കിടപ്പുമുറി, അടുക്കള, ഒരു വലിയ ഹാൾ, ഒരു ടോയ്‌ലറ്റ് എന്നിവയാണുള്ളത്. ഓരോ യൂനിറ്റിനും പ്രത്യേകമായി വെളളവും വൈദ്യുതിയുമുണ്ട്. വികലാംഗർ, കിടപ്പുരോഗികൾ, 70 വയസ്സിന് മുകളിലുള്ളവർ എന്നിവരുടെ കുടുംബങ്ങൾക്ക് ഫ്‌ളാറ്റിന്റെ താഴെ നിലയാണ് അനുവദിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് നറുക്കെടുപ്പിലൂടെയാണ് ഭവനങ്ങൾ അനുവദിച്ച് നൽകിയത്.

നഗരത്തിലെ ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരേ കുടിക്കീഴിൽ എത്തുമ്പോൾ യോജിപ്പിലും അച്ചടക്കത്തിലുമാവണമെന്നതിലൂന്നിയായിരുന്നു ഇന്നലെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.
ഫ്‌ളാറ്റിന്റെ സുഗമമായ നടത്തിപ്പിന് താമസക്കാരിലെ പ്രമുഖരെ ചേർത്ത് രൂപവത്കരിച്ച സൊസൈറ്റിക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുടുംബമായി ജീവിക്കാൻ കോളനി വാസികൾക്ക് കഴിയട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.

അതേസമയം, കല്ലുത്താൻകടവിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ നഗരസഭ ഇതിനകം ശേഖരിച്ചിട്ടുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള നിരവധി കുട്ടികളും അമ്പത് വയസ്സിന് മുകളിലുള്ള പലരും മാറാരോഗികളാണെന്ന് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും അത്ര മെച്ചപ്പെട്ടിട്ടില്ല. ഫ്‌ളാറ്റിനോടനുബന്ധിച്ച് ഒരു അങ്കൺവാടി ആരംഭിക്കാനും പഠനം പാതി വഴിയിൽ നിർത്തിയവർക്ക് സഹായകരമാകാനും പുതുതായി രൂപവത്കരിച്ച സൊസൈറ്റി ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്.

---- facebook comment plugin here -----