കേരളത്തിന് രണ്ടാം തോൽവി; കൊമ്പന്‍മാരെ വീഴ്ത്തി ഹൈദരാബാദിന് കന്നി ജയം

Posted on: November 2, 2019 7:34 pm | Last updated: November 3, 2019 at 12:21 pm

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ കൊമ്പന്‍മാരെ വീഴ്ത്തി ഹൈദരാബാദിന് സ്വന്തം തട്ടകത്തിൽ ആദ്യജയം.  കേരളത്തിന്റെ ഒരു ഗോളിനെതിരെ കണക്കു പറഞ്ഞ രണ്ട് ഗോളുകൾ നേടിയാണ് ഹൈദരാബാദ് എഫ് സി കന്നി ഐ എസ് എലിലെ ആദ്യ വിജയം സ്വന്തമാക്കിയത്. 81 ആം മിനുട്ടിൽ മാഴ്സലീഞ്ഞോ പെരേരയാണ് ഹൈദരാബാദിന് വിജയഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയിൽ മലയാളി താരം കെ പി രാഹുലിൻറെ ഗോളിൽ മുന്നിലെത്തിയ കേരളത്തിനെതിരെ മാർക്കോ സ്റ്റാൻകോവിച്ച് മറുപടി ഗോൾ നേടുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ വിജയവും രണ്ട് കളികളിൽ തോൽവിയുമായി മൂന്ന് പോയന്റോടെ ഏഴാം സ്ഥാനത്താണ് കേരളം.

മലയാളി ടച്ചുള്ള ആദ്യ ഗോൾ

ആദ്യ എവേ മത്സരത്തിന്റെ ആദ്യ പകുതിയിൽ മലയാളി ടച്ചുള്ള സൂപ്പർ ഗോളോടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ബ്ലാസ്റ്റേഴ്സ് നിരയിലെ യുവ താരങ്ങൾ ഹൈദരാബാദിന്റെ പ്രതിരോധത്തിനോട് പൊരുതാൻ  പാടുപെടുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. സഹലും രാഹുലും ചേർന്ന് നടത്തിയ ഗോൾ ശ്രമങ്ങൾ പ്രധിരോതനിര നിഷ്പ്രഭമാക്കി. എന്നാൽ, കളിയുടെ മുപ്പത്തിനാലാം മിനുട്ടിൽ കെ പി രാഹുലിലൂടെ കേരളം ലീഡ് നേടി. മലായാളിയായ ഗോൾകീപ്പർ ടിപി രഹനേഷ് ഉയർത്തിയടിച്ച പന്ത് സ്വീകരിച്ച സഹൽ അബ്ദുസമദാണ് രാഹുലിന്റെ ഗോളിന് വഴിയൊരുക്കിയത്. പ്രതിരോധനിരയുടെ തലക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്ത് അഡ്വാൻസ് ചെയ്ത ഗോളിയുമായി പോരാടി രാഹുൽ ഗോൾ കണ്ടെത്തി. (1-0)

ഫൗൾ, വലിയ പിഴ

കളിയുടെ ആദ്യ പകുതിയിൽ മലയാളി കൂട്ടായ്മയിൽ പിറന്ന  കേരളത്തിൻറെ ആദ്യ ഗോളിന് പെനാൽട്ടിയിലൂടെയാണ് ഹൈദരാബാദ് മറുപടി നൽകിയത്. 54ആം മിനുട്ടിൽ മുഹമ്മദ് യാസിറിനെ ബോക്സിൽ മൗഹുദൗ ഫൗൾ ചെയ്തതതിന് ലഭിച്ച പെനാൽട്ടി ഹൈദരാബാദിനെ കേരളത്തിനൊപ്പമെത്തിച്ചു. കിക്കെടുത്ത മാർക്കോ സ്റ്റാൻകോവിച്ച് ഗോൾ കീപ്പർ രഹനേഷിനെ വിദഗ്ദമായി മറികടന്ന് ഹൈദരാബാദിന് സമനില നേടിക്കൊടുത്തു.

വിജയത്തിനുള്ള പോര്

കെ പി രാഹുലിനറെ ഗോളിൽ മുന്നിലെത്തിയ കേരളത്തിന് മറുപടി ഗോൾ കനത്ത പ്രഹരമായി. ഹൈദരാബാദിനറെ മറുപടി ഗോളിനു ശേഷം വിജയഗോളിനുള്ള ശ്രമങ്ങൾക്ക് കേരളം കിണഞ്ഞു ശ്രമിച്ചു.  62 ആം മിനുട്ടിൽ എതിർ പോസ്റ്റിൽ കെ പി രാഹുലിന്റെ ഗോളെന്നുറച്ച നീക്കം പാഴായി. ഇടതു പാർശ്വത്തിൽ നിന്ന് രണ്ട് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്തു കയറി കൊടുത്ത ക്രോസ് വലയിലെത്തിക്കാൻ ഒഗ്ബെച്ചെയ്ക്ക് കഴിഞ്ഞില്ല. സുവർണാവസരം തുലച്ചത് കേരളത്തിന് വലിയ നഷ്ടം.

57 ആം മിനുട്ടിൽ സഹലിനു പകരം മെസ്സി ബൗളിയെ ഇറക്കിയാണ് കേരളം കളിച്ചത്. 79 ആം മിനുട്ടിൽ  രാഹുലിനെ മാറ്റി ഹരിചരൻ നർസറിയെയും കേരളം പരീക്ഷിച്ചു. സഹലും രാഹുലും മാറി നിന്നെങ്കിലും ഗോൾ മടക്കാൻ കേരളത്തിനായില്ല.

സൂപ്പർ മുമെനറ്, മാരിവില്ലഴകുള്ള മാഴ്സലീഞ്ഞോ കിക്ക്

എൺപത്തിയൊന്നാം മിനുട്ടിൽ ഐ എസ് എല്ലിലെ സുന്ദര നിമിഷത്തിനാണ് ജി എം സി സ്റ്റേഡിയം സാക്ഷിയായത്. മാഴ്സലീഞ്ഞോയുടെ മനോഹരമായ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് വലയിലേക്ക് വെടിയുണ്ട പോലെ പാഞ്ഞു കയറുന്ന കാഴ്ച.  പെനാൽട്ടി ബോക്സിന് പുറത്തു നിന്ന്  തൊടുത്ത കിക്ക് വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലത്തെ മൂലയിൽ ചെന്ന് പതിക്കുന്പോൾ നിരന്നു നിന്ന അഞ്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധമതിലിന് നോക്കി നിൽക്കാനേ ആയുള്ളൂ. ബ്ലാസ്റ്റേഴ്സിനറെ വിജയ മോഹത്തിന് മുകളിൽ കരിനഴലായ ആകിക്ക് വെടിയുണ്ട പോലെ മഞ്ഞപ്പടയുടെ സ്വപനങ്ങളിലേക്കാണ് തുളച്ചത്.  (2-1)

ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരങ്ങളില്‍ സഹല്‍ അടക്കമുള്ള മലയാളി താരങ്ങളെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തിനെ തുടർന്ന് പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു.  ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് മലയാളി താരങ്ങളേയാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സഹലും രാഹുലും പ്രശാന്തും രഹനേഷും ഒരുമിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയിംഗ് ഇലവനില്‍ വരുന്ന അപൂര്‍വ്വ കാഴ്ചയായിരുന്നു ഹൈദരാബാദില്‍.