കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി; ആദ്യ ബാച്ച് റാങ്ക് പട്ടിക അടുത്ത വർഷം നവംബർ ഒന്നിന്

Posted on: November 1, 2019 9:53 pm | Last updated: November 1, 2019 at 9:53 pm

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള (കെ എ എസ്) പി എസ് സിയുടെ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യ ബാച്ച് റാങ്ക് പട്ടിക അടുത്ത വർഷം നവംബർ ഒന്നിന് തയാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ ഒരു മാസത്തോളം സമയം നൽകും. പ്രാഥമിക പരീക്ഷ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും.
പരീക്ഷാ ഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി എസ് സി ആസ്ഥാനത്ത് ചെയർമാൻ എം കെ സകീർ നിർവഹിച്ചു.

ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തിൽനിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസർമാരിൽനിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി. ഐ എ എസിന് സമാനമായി ഒരുമിച്ച് നിയമന ശിപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി. 18 മാസത്തെ പരിശീലനമാണുള്ളത്.
200 മാർക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ എം ആർ മാതൃകയിലാണിത്. രണ്ടാം ഭാഗത്തിൽ 50 മാർക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്. മലയാളത്തിന് 30 മാർക്കും ഇംഗ്ലീഷിന് 20 മാർക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്.

100 മാർക്ക് വീതമുള്ള മൂന്ന് ഭാഗം. അഭിമുഖം 50 മാർക്കിന്. മുഖ്യപരീക്ഷക്കും അഭിമുഖത്തിനുമുള്ള മാർക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയാറാക്കുക. കെ എ എസിൽ എട്ട് വർഷസേവനം പൂർത്തിയാക്കുന്നവർക്ക് യു പി എസ് സി മാനദണ്ഡങ്ങൾ പ്രകാരം ഐ എ എസിൽ പ്രവേശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.