കേരളാ കോണ്‍ഗ്രസ്: പി ജെ ജോസഫ് നിയമസഭാ കക്ഷി നേതാവ്; സി എഫ് തോമസ് ഡെപ്യൂട്ടി ലീഡര്‍

Posted on: November 1, 2019 8:12 pm | Last updated: November 2, 2019 at 11:23 am

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷി നേതാവായി പി.ജെ ജോസഫിനെയും ഡെപ്യൂട്ടി ലീഡറായി സി.എഫ് തോമസിനെയും തിരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് വിപ്പും സെക്രട്ടറിയും. പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ നിയമസഭയുടെ 5 എ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാരായ അഞ്ചില്‍ മൂന്ന് പേരും പങ്കെടുത്തെന്ന് പി.ജെ ജോസഫ് അവകാശപ്പെട്ടു.

അഞ്ച് അംഗങ്ങളാണ് പാര്‍ട്ടിക്ക് ഉള്ളത്. ഇതില്‍ മൂന്ന് അംഗങ്ങള്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിച്ചു ചേര്‍ക്കാനുള്ള അവകാശം വര്‍ക്കിങ് ചെയര്‍മാനായ തനിക്കാണെന്ന് ജോസഫ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജോസഫ് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ നീക്കം നടത്തിയത്.