പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

Posted on: October 29, 2019 6:24 am | Last updated: October 29, 2019 at 12:29 pm
പ്രതികളായ ദേവസ്യാച്ചൻ, തോമസ് ആൻഡ്രൂസ്, ജോബി, റെജി സെബാസ്റ്റ്യൻ

കോട്ടയം: പതിമൂന്നുകാരിയെ ഒന്നര വർഷമായി പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കൂടല്ലൂർ സ്വദേശികളായ തെക്കേക്കുന്നേൽ റെജി സെബാസ്റ്റ്യൻ (44), തെക്കേപ്പറമ്പിൽ നാഗപ്പൻ എന്നുവിളിക്കുന്ന തോമസ് ആൻഡ്രൂസ്(48), കൊച്ചുപറമ്പിൽ ജോബി (44), ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ(62) എന്നിവരാണ് പിടിയിലായത്. ഡിവൈ എസ് പി, പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി കൂടല്ലൂർ അടുത്താനിക്കുന്നേൽ ബെന്നി(42) ഒളിവിലാണ്.

കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിയിലാണ് സംഭവം. മനോദൗർബല്യമുള്ള പെൺകുട്ടിയ ഒന്നര വർഷമായി പ്രതികൾ മാറിമാറി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കിടങ്ങൂർ ജനമൈത്രി പോലീസിലെ ഒരു ഉദ്യോഗസ്ഥന് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

അച്ഛൻ മരിച്ചതിനെത്തുടർന്ന് അമ്മയോടൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്‌കൂളിൽ പഠിക്കുകയാണ്. അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്‌കൂൾ അവധി ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

പോക്‌സോ വകുപ്പിനൊപ്പം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തതിന് ഐ പി സി 363, 366, 370, 376 (എ, ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.