Connect with us

Kerala

കഴിഞ്ഞ മന്ത്രിസഭയിലെ എട്ട് പേര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു;  അന്വേഷണം അവസാന ഘട്ടത്തില്‍

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ടായിരുന്ന എട്ട് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നിയമസഭയിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുവെച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന വി എസ് ശിവകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയുള്ള കേസുകളാണ് നിലനില്‍ക്കുന്നത്. രണ്ട് മന്ത്രിമാര്‍ അന്വേഷണ കാലയളവില്‍ മരിച്ചതിനാല്‍ അവരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിയമസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് വിശദാംശങ്ങളുള്ളത്.

രമേശ് ചെന്നിത്തലക്കെതിരെ നാല് കേസുകളാണുള്ളത്. ഇതില്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ബന്ധുക്കള്‍ക്ക് അനധികൃത നിയമനം നല്‍കിയത് സംബന്ധിച്ചുള്ള കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഈ കേസില്‍ കുറ്റാരോപിതരാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നിത്തലയുള്‍പ്പെട്ട ബന്ധുനിയമന കേസിന് പുറമെ, കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലും ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

അടൂര്‍ പ്രകാശിനെതിരെ ഒരു കേസാണുള്ളത്. ഈ കേസില്‍ കുഞ്ഞാലിക്കുട്ടിയും അന്വേഷണം നേരിടുന്നുണ്ട്. ഇതിന്റെ വസ്തുതാ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Latest