Connect with us

Kerala

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ മേഖല രൂപപ്പെട്ടു. ഇത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ് മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മല്‍സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 29 നും 30നും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു.

2019 ഒക്ടോബര്‍ 28 ന് തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും ഒക്ടോബര്‍ 29 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ഒക്ടോബര്‍ 30 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലും ഒക്ടോബര്‍ 31 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest