Connect with us

National

ഉദ്യോഗസ്ഥ അനാസ്ഥയിൽ പിടയുന്ന എൻ ആർ സി ജീവിതങ്ങൾ

Published

|

Last Updated

അംജദ് അലി, പച്ചാർ അലി

ഗുവാഹത്തി: ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആശ്വാസവും സമാധാനവുമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് അംജദ് അലി അനുഭവിച്ചത്. തന്റെ 85 വയസ്സിനിടെ അത്തരമൊരു സന്തോഷം ആദ്യമായിരുന്നു. അസം സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററി(എൻ ആർ സി)ന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സന്തോഷം സമ്മാനിച്ചത്. കഴിഞ്ഞ 22 വർഷം ലക്ഷണക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ പൗരനായി അംഗീകരിക്കപ്പെട്ടത് സന്തോഷം നൽകിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ബ്രഹ്മപുത്രയുടെ തീരത്ത് മോറിഗാവ് ജില്ലയിലെ ബർകുരാനി ഗ്രാമത്തിൽ കഴിയുന്ന അലിയുടെ പൗരത്വം സംബന്ധിച്ച സംശയം ഉയർന്നത് 1997ലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദൃഷ്ടിയിൽ അദ്ദേഹം ഡി വോട്ടർ (സംശയാസ്പദ വോട്ടർ) ആയി. ഇതോടെ വോട്ടവകാശം ഇല്ലാതായി. പൗരത്വം സംബന്ധിച്ച് സംശയം ഉയർന്നവരുടെ പേരിനൊപ്പം “ഡി” എന്ന അക്ഷരം ചേർക്കപ്പെടുന്നവരുടെ കൂടെയായി അലിയുടെയും സ്ഥാനം. ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്റെ പൗരത്വം ശരിവെച്ച് മോറിഗാവിലെ വിദേശീ ട്രൈബ്യൂണൽ (നാല്) വിധി പുറപ്പെടുവിച്ചു. വോട്ടർ പട്ടികയിലെ പേരിനൊപ്പമുള്ള “ഡി” ഒഴിവാക്കി. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ അലിയുടെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന കൃഷിഭൂമി ഭൂരിഭാഗവും വിൽക്കേണ്ടി വന്നു. രണ്ട് പശുക്കളെയും ഓട്ടോറിക്ഷയും വിറ്റ് കേസ് നടത്തി. മൊത്തം മൂന്ന് ലക്ഷം രൂപയാണ് നിയമ പോരാട്ടത്തിന് ചെലവായത്. എന്നിട്ടും കടം ബാക്കി. എൻ ആർ സി നിയമം അനുസരിച്ച് ഡി വോട്ടർ മാത്രമല്ല അവരുടെ മക്കളും മക്കളുടെ മക്കളുമെല്ലാം ഇന്ത്യൻ പൗരത്വത്തിന് പുറത്തായിരിക്കും.

അലിയുടെ 11 മക്കളുടെയും 20 പേരക്കുട്ടികളുടെയും വിധി ഇതായിരുന്നു. അന്തിമ പട്ടികയിൽ ഇവരും ഉൾപ്പെട്ടു. എന്നാൽ, സന്തോഷത്തിനും ആശ്വാസത്തിനും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ മാസം 19ന് എല്ലാം കീഴ്‌മേൽ മറിഞ്ഞു. മോറിഗാവിലെ വിദേശീ ട്രൈബ്യൂണൽ നാലിന്റെ 57 വിധികൾ ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയത് അന്നായിരുന്നു. അതോടെ, അലിയുടെ വിധിയും അസാധുവായി. പൗരത്വം വീണ്ടും ത്രിശങ്കുവിലും.

ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്ന് നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കാരണം പറഞ്ഞാണ് വിധി ഹൈക്കോടതി റദ്ദാക്കിയത്. അതായത് 57 പേരും കഠിനവും ചെലവേറിയതുമായ നിയമ പ്രക്രിയകൾ തുടക്കം മുതൽ നടത്തണം. ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ട്രൈബ്യൂണൽ വിദേശിയാണെന്ന് ഒരിക്കൽ വിധിച്ചാൽ പൗരത്വ പട്ടികയിൽ ചേരാൻ സാധിക്കില്ലെന്നും എൻ ആർ സിയിൽ ഉൾപ്പെടാത്തവരുടെ പൗരത്വ വിഷയം തീർപ്പാക്കാനും തടവുകേന്ദ്രത്തിലേക്ക് അയക്കാൻ ട്രൈബ്യൂണലിന് മാത്രമെ അധികാരമുള്ളൂവെന്നും സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു. അലി വിദേശിയാണെന്ന ട്രൈബ്യൂണലിന്റെ പഴയ ഉത്തരവ് റദ്ദാക്കാതെയാണ് ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നത്. മോറിഗാവിലെ മറ്റൊരു ട്രൈബ്യൂണൽ 2007ൽ അലി വിദേശിയാണെന്ന് വിധിച്ചിരുന്നു. ഈ വിധി പറയുമ്പോൾ അലി ട്രൈബ്യൂണലിൽ സന്നിഹിതനായിരുന്നില്ല. എന്നാലും ഈ വിധി അസാധുവാക്കണമെന്നാണ് നിയമം. നേരത്തേ രണ്ട് പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിന്റെ കടം തന്നെ ബാക്കിയുള്ള അലിക്കും കുടുംബത്തിനും ഇനിയും കോടതിയിലേക്ക് പോകുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ. താമസിക്കുന്ന വീടല്ലാതെ ഇവർക്ക് വിൽക്കാനൊന്നുമില്ല.

ഹൈക്കോടതി വിധി അംജദ് അലിയും കുടുംബവും അറിഞ്ഞെങ്കിൽ, വീണ്ടും പൗരത്വം നഷ്ടപ്പെട്ട വിവരം അറിയാത്ത, ട്രൈബ്യൂണലിന്റെ അനുകൂല വിധി നേടിയ നിരവധി കുടുംബങ്ങളുണ്ട്. മാത്രമല്ല, ട്രൈബ്യൂണൽ നേരത്തേ പൗരത്വം ശരിവെച്ചിട്ടും അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവരുമുണ്ട്.

രണ്ട് പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 60കാരനായ പച്ചാർ അലിക്ക് കഴിഞ്ഞ വർഷം ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. എന്നാൽ, അന്തിമ എൻ ആർ സിയിൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരില്ലായിരുന്നു. കേന്ദ്രീകൃത ഡാറ്റാബേസിന്റെ പോരായ്മയാണ് പച്ചാറിന്റെ കാര്യത്തിൽ വില്ലനായത്. ട്രൈബ്യൂണൽ വിധി പ്രകാരം പൗരനാണെന്ന് തെളിഞ്ഞതിനാൽ ഭയമില്ലെന്ന് പച്ചാർ നേരത്തേ പറഞ്ഞിരുന്നെങ്കിലും ഹൈക്കോടതി വിധി വന്നതോടെ അദ്ദേഹവും ഭയപ്പാടിലാണ്. മൂന്ന് പേജുള്ള ട്രൈബ്യൂണൽ വിധിയിൽ ഇദ്ദേഹത്തിന്റെ പേരും മേൽവിലാസവും തെറ്റായാണുള്ളത്. ഇംഗ്ലീഷിലാണ് ട്രൈബ്യൂണൽ വിധി. പച്ചാർ അലിയാകട്ടെ നിരക്ഷരനും. പതിനായിരക്കണക്കിന് രൂപ ഫീസ് വാങ്ങിയ അഭിഭാഷകൻ ഇക്കാര്യം അലിയോട് പറഞ്ഞതുമില്ല. ആറ് മക്കളും പന്ത്രണ്ട് പേരമക്കളുമുള്ള അലിയുടെ കുടുംബം ഇന്ന് തീതിന്നുകയാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് കേസ് നടത്തിയത്.

(അവസാനിക്കുന്നില്ല)

Latest