അത്‌ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Posted on: October 21, 2019 4:25 pm | Last updated: October 21, 2019 at 8:19 pm

കോട്ടയം: പാലായില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ ഹാമര്‍ ത്രോ മത്സരത്തിനിടയില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകന്‍ അഫീല്‍ ജോണ്‍സണാണ് മരിച്ചത്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍.

ഈ മാസം നാലിന് തലയില്‍ ഹാമര്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ജാവലിന്‍, ഹാമര്‍ത്രോ മത്സരങ്ങള്‍ക്കിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്തു മാറ്റുന്നതിനിടെയാണ് വളണ്ടിയറായിരുന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ചത്. മൂന്ന് കിലോ ഭാരമുള്ള ഇരുമ്പ് ഗോളം പതിച്ച അഫീലിന്റെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.