ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നാഴ്ച പ്രായമായ പെണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: October 15, 2019 7:58 pm | Last updated: October 15, 2019 at 7:58 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മണ്‍പാത്രത്തില്‍ അടച്ച് ജീവനോടെ കുഴിച്ചിടപ്പെട്ട നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ പോലീസ് തിരയുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഇരുണ്ട യുഗമെന്ന് അറിയപ്പെടുന്ന ആറാം നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. ബറേലിയിലെ പ്രാദേശിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബറേലിയിലെ ഒരു ശ്മശാനത്തില്‍ മൂന്നടി താഴ്ചയിലാണ് മണ്‍പാത്രം കുഴിച്ചിട്ടിരുന്നത്. മറ്റൊരു കുട്ടിയെ അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മണ്‍പാത്രം കുഴിച്ചിട്ടതായി കണ്ടെത്തിയത്. കലത്തിന്റെ മുകളില്‍ നിന്ന് മണ്ണ് നീക്കം ചെയ്ത തൊഴിലാളികള്‍ കലത്തിനുള്ളില്‍ നിന്ന് കരച്ചില്‍ കേട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ മാതാപിതാക്കളും ഈ സമയം ശ്മശാനത്തിലുണ്ടായിരുന്നു. അവര്‍ ഉടന്‍ നവാജാത ശിശുവിന് പരുത്തിയില്‍ കുതിര്‍ത്ത് പാല്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു ലെഗിനും ഇന്നറും ധരിച്ച നിലയിലായിരുന്നു കുഞ്ഞ്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഹൈപ്പോതോര്‍മിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യം അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ ‘സീത’ എന്ന് കുട്ടിക്ക് പേരിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു കിലോഗ്രാം മാത്രമാണ് കുട്ടിയുടെ തൂക്കം എന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. നവാജാത ശിശുവിനെ സംബന്ധിച്ച് ഇത് വളരെ കുറവാണ്. സാധാരണയായി, നവജാതശിശുക്കളുടെ ഭാരം 2.5 മുതല്‍ 3.5 കിലോഗ്രാം വരെയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിക്ക് ഏകദേശം 23 ദിവസം പ്രായമായതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ അന്വേഷിക്കുകയാണെന്നും മാതാപിതാക്കളുടെ അറിവോടെയല്ലാതെ ഇത്തരമൊരു കൃത്യം നടക്കില്ലെന്നും പോലീസ് പറഞ്ഞു.