Connect with us

National

ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് അനുമതി; അറസ്റ്റ് നാളെ

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്ക് മീഡിയ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച അറസ്റ്റ് ചെയ്യും. ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ഏജന്‍സിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്.

ഇതേ കേസില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിക്കുന്ന ഏജന്‍സി ഇന്നലെ കോടതിയില്‍ രണ്ട് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഒന്ന് ചിദംബരത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുന്നതിനും മറ്റൊന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുമായിരുന്നു. അപേക്ഷ പരിഗണിച്ച കോടതി ഏജന്‍സിക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കി. ഒന്നുകില്‍ ശ്രീ ചിദംബരത്തെ കോടതി പരിസരത്ത് അരമണിക്കൂറോളം ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അദ്ദേഹത്തെ ഇപ്പോള്‍ തിഹാര്‍ ജയിലിലേക്ക് അയക്കുകയും അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്യുക.

ശ്രീ ചിദംബരത്തെ റൂസ് അവന്യൂ കോടതി പരിസരത്ത് ചോദ്യം ചെയ്യാമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യാമെന്നും ഏജന്‍സി അറിയിച്ചു. എന്നാല്‍ വ്യക്തിയുടെ അന്തസ്സ് പരിഗണിക്കണം എന്ന് ജഡ്ജി ഇടപെട്ട് വ്യക്തമാക്കിയതോടെ ഏജന്‍സി രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു.

ബുധനാഴ്ച രാവിലെ ചിദംബരത്തെ അറസ്റ്റുചെയ്യും. വൈകുന്നേരം 4 മണിയോടെ കോടതിയില്‍ ഹാജരാക്കും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സമര്‍പ്പിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തന്നെ അപമാനിക്കാനാണ് ഏജന്‍സി തന്നെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് ചിദംബരം പറഞ്ഞിരുന്നു.

ഓഗസ്റ്റ് 21 നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 5 മുതല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.