എൽനിനോ തീവ്രത കുറയുന്നു; കടലിൽ ഇനി മത്തി ലഭ്യത കൂടും

Posted on: October 14, 2019 5:04 pm | Last updated: October 14, 2019 at 5:04 pm


കൊച്ചി: കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് വിലയിരുത്തിയ എൽനിനോയുടെ തീവ്രത കുറയുന്നതായി നിരീക്ഷണം. മത്തിയുടെ വളർച്ച മുരടിപ്പുണ്ടാക്കുകയും കുഞ്ഞുങ്ങളുണ്ടാകാതിരിക്കുന്നതിനും കാരണമായ എൽനിനോ പ്രതിഭാസത്തിന്റെ തീവ്രത അടുത്ത കാലത്തായി കുറഞ്ഞു വരുന്നതായാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്.

എൻനിനോ മൂലം സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള ഒഴുക്കായ ‘അപ്‌വെല്ലിംഗ്’ നടക്കാത്തതിനാൽ മത്തിക്ക് വളരാൻ ആവശ്യമായ ഭക്ഷണം ലഭിക്കാത്തതുൾപ്പെടെയുള്ള സാഹചര്യങ്ങളും മാറിവരുന്നതായി ഇവർ വ്യക്തമാക്കുന്നുണ്ട്. എൽനിനോ തീവ്രതയിലെത്തിയ സാഹചര്യങ്ങളിലെല്ലാം മത്തിയിൽ വളർച്ചാമുരടിപ്പ് സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സി എം എഫ് ആർ ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസമദ് പറഞ്ഞു. എൽനിനോ തീവ്രത കുറയുന്നതോടെ മത്തി ലഭ്യത കൂടുമെന്ന് തന്നെയാണ് കണക്കാക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിരീക്ഷണങ്ങൾ നടത്തുകയാണെന്നും അബ്ദുസമദ് പറഞ്ഞു.

മത്തിയുടെ ഉൽപ്പാദനത്തിലെ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നാണ് എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് കണ്ടെത്തിയിരുന്നത്. കേരളത്തിൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നിടത്താണ് എൽനിനോ സ്വാധീനം മൂലം വലിയ അളവിലുള്ള കുറവുണ്ടായത്. ഏഴ് വർഷം മുമ്പ് 2012 ലായിരുന്നു സംസ്ഥാനത്ത് റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നത്.8,39,000 ടൺ മത്തിയാണ് അന്നത്തെ ലഭ്യത.

എന്നാൽ, എൽനിനോയുടെ വരവോടെ അടുത്ത ഓരോ വർഷവും ഗണ്യമായി കുറവുണ്ടായി. 2015ൽ എൽനിനോ തീവ്രമായതിനെ തുടർന്ന് 2016ൽ മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. 2016ൽ 48,000 ടൺ മത്തി മാത്രമാണ് കേരള തീരത്ത് നിന്ന് കിട്ടിയത്. തുടർന്ന് എൽനിനോ ദുർബലമായതോടെ 2017ൽ മത്തിയുടെ ലഭ്യത കൂടി. 2017ൽ കേരള തീരത്തുനിന്ന് 77,000 ടൺ മത്തി ലഭിച്ചു. 2018ൽ എൽനിനോ വീണ്ടും സജീവമായതോടെ മത്തി ലഭ്യത കേരള തീരത്ത് വീണ്ടും കുറഞ്ഞു.2019 ലാണ് അടുത്ത കാലത്തായി കേരള തീരത്തു നിന്ന് മത്തി ലഭ്യത തീർത്തും കുറഞ്ഞത്. കടലിന്റെ ആവാസ വ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ വരെ തീവ്രമായി ബാധിക്കുന്ന മത്സ്യമാണ് മത്തി.

ഇന്ത്യയിൽ, എൽനിനോയുടെ പ്രതിഫലനം കൂടുതൽ അനുഭവപ്പെടുന്നത് കേരളതീരത്താണ്. എൽനിനോകാലത്ത് കേരളതീരങ്ങളിൽനിന്ന് മത്തി ചെറിയതോതിൽ മറ്റ് തീരങ്ങളിലേക്ക് പലായനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.എൽ നിനോ പ്രതിഭാസം മൂലം അറബിക്കടലിൽ 50,000 മുതൽ ഒരു ലക്ഷം വരെ മുട്ടകളുടെ പ്രത്യുത്പാദനം നടക്കേണ്ട സ്ഥാനത്ത് അയ്യായിരത്തിൽ താഴെ മുട്ടകളേ ഉത്പാദിപ്പിക്കപ്പെട്ടുള്ളൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു.