നേരത്തേ കണ്ടെത്തണം കുട്ടികളിലെ ക്യാൻസർ

കുട്ടികളിലെ ക്യാൻസർ ചികിത്സ ചെലവേറിയതല്ല. തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്ററിലും സർക്കാർ മെഡിക്കൽകോളജ് ആശുപ ത്രിയിലും ചികിത്സ സൗജന്യമാണ്
Posted on: October 10, 2019 4:38 pm | Last updated: November 5, 2019 at 4:49 pm


ക്യാൻസർ ഇന്ന് സർവ സാധാരണമായിരിക്കുന്നു. തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്ററിലെ കണക്കുപ്രകാരം ഓരോ വർഷവും 12,000 രോഗികളാണ് പുതുതായി ക്യാൻസർ ബാധിച്ച് ചികിത്സക്കെത്തുന്നത്. ഇവരിൽ 14 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 600-650 ആണ്.

കുട്ടികളിൽ 10 തരം അർബുദങ്ങളാണ് പ്രധാനമായി കാണുന്നത്. ഇവയിൽ 60-70 ശതമാനം സുഖപ്പെടുത്താൻ കഴിയുന്നുമുണ്ട്.
ക്യാൻസറി ന്റെ പിടിയിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് മിക്കവരും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ കുട്ടികളിലുണ്ടാകുന്ന ക്യാൻസർ സംബന്ധിച്ച് ഇതു തികച്ചും തെറ്റാണ്.

ക്യാൻസർ

നമ്മുടെ ശരീരം നിർമിച്ചിരിക്കുന്നത് അനേകലക്ഷം കോശങ്ങൾ കൊണ്ടാണ്. ശരീരത്തിലെ പഴയ കോശങ്ങൾ ഇല്ലാതാകുന്നതിനനുസരിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുന്നു. പുതിയ കോശങ്ങളുടെ വികാസവും പഴയ കോശങ്ങളുടെ ഇല്ലായ്മ ചെയ്യലും അതി സങ്കീർണമായ നിയന്ത്രണത്തിലാണ് സംഭവിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ശരീരത്തിന് ഈ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നു.

ഇങ്ങനെ കോശങ്ങളിലുണ്ടാകുന്ന ചില വളർച്ചയാണ് ക്യാൻസർ ആയി മാറുന്നത്. ഇത്തരത്തിലുള്ള ക്യാൻസർ ശരീരത്തിന്റെ ഏത് ഭാഗത്തും ഏത് അവയവത്തിലും പ്രത്യക്ഷപ്പെടാം. ശരീരത്തിന്റെ ഒരു ഭാഗത്ത് തുടങ്ങുന്ന ക്യാൻസർ അനിയന്ത്രിതമായി വളർന്ന് മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്നു. തലച്ചോർ, കരൾ, ശ്വാസകോശം, അസ്ഥി എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ഒടുവിൽ അത് ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും രോഗിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

എന്താണ് ട്യൂമർ

അനിയന്ത്രിതമായി വളരുന്ന കോശങ്ങൾ ഒരു മുഴ പോലെ ശരീരത്തിന്റെ ഭാഗത്ത് രൂപപ്പെടുന്നതാണ് ട്യൂമർ. എല്ലാ ട്യൂമറുകളും ക്യാൻസർ അല്ല. ചില ട്യൂമർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കടക്കാതെ ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കാതെ നിലകൊള്ളുന്നു. ഇതിനെ Benign Tumour എന്ന് പറയുന്നു. ഇത്തരം ട്യൂമറിനെ ക്യാൻസർ എന്നു പറയില്ല. ചില ട്യൂമർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളർന്ന് പന്തലിച്ച് അവയവങ്ങളെ ബാധിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഇതിനെ Malignant tumour എന്ന് പറയുന്നു. ഇത് ക്യാൻസർ ആണ്. ശരീരത്തിന്റെ ഒരു ഭാഗത്ത് തുടരുന്ന ക്യാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വ്യാപിക്കുന്നതിന് Metastasis എന്നു പറയുന്നു. ചില ക്യാൻസർ തുടക്കത്തിൽ അടയാളങ്ങൾ പ്രത്യക്ഷപ്പെടുത്താതെ നിശ്ശബ്ദമായി മറ്റ് ശരീരഭാഗങ്ങളിലേക്ക് ബാധിക്കുന്നു. വൈകി കണ്ടുപിടിക്കുന്ന ഇത്തരം ക്യാൻസർ ചികിത്സിച്ച് ഭേദമാക്കാനും ബുദ്ധിമുട്ടാണ്.

കാരണം കണ്ടെത്തിയിട്ടില്ല

പേരിലും സ്വഭാവത്തിലും കുട്ടികളിലെ ക്യാൻസർ മുതിർന്നവരുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് രക്താർബുദമാണ്. ബ്രെയിൻ ട്യൂമർ രണ്ടാം സ്ഥാനത്തും ന്യൂറോ മൂന്നാം സ്ഥാനത്തുമാണ്. എല്ലാ വർഷവും ആഗോള തലത്തിൽ ക്യാൻസർ ബാധിതരായ കുട്ടികളുടെ എണ്ണംകൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രായമുള്ളവരെ അപേക്ഷിച്ച് കുട്ടികളിൽ ക്യാൻസർ കൂടുതലായി കാണുന്നില്ല. കുട്ടികളിൽ ക്യാൻസറിന്റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല. അഞ്ച് ശതമാനം ക്യാൻസർ ജനിതക തകരാർ കൊണ്ടുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാരിസ്ഥിതിക കാരണം കൊണ്ടും ക്യാൻസർ വരാം. ഉദാഹരണത്തിന് റേഡിയേഷൻ കൂടുതലായി എൽക്കുന്ന കുട്ടികളിൽ ക്യാൻസർ സാധ്യത കൂടുതലാണ്.

കുട്ടികളിൽ ക്യാൻസർ ഉണ്ടാവുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പലതരത്തിലുള്ള അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രോഗം പിടിപെടുന്നതിനുള്ള സാധ്യതകളെ കുറിച്ച് ശാസ്ത്രജ്ഞർ ചർച്ചകളും പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. മുതിർന്നവരിൽ പലപ്പോഴും പുകവലി, മദ്യപാനം, അണുബാധ തുടങ്ങിയവ കാരണമായേക്കാം.
പക്ഷേ കുട്ടികളിൽ മറിച്ചാണ്. വളരെ ചെറുപ്പത്തിൽ ചിലപ്പോൾ ജനിക്കുന്നതിന് മുമ്പ് തന്നെ കോശങ്ങളുടെ വളർച്ചയുടെ നിയന്ത്രണം തകരാറിലാവുന്ന അവസ്ഥ ഉടലെടുക്കുന്നു. ഇത് പിന്നീട് ക്യാൻസറായി മാറുന്നു. ഇതിന്റെ കാരണം മെഡിക്കൽ ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളിലെ ക്യാൻസർ ചികിത്സിച്ചാൽ ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്യാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ തരണം ചെയ്യാനുള്ള കഴിവ് കുട്ടികളുടെ ശരീരത്തിന് വലിയവരുടെ ശരീരത്തേക്കാൾ കുടുതലുമാണ്. ക്യാൻസർ ഒരു പകർച്ചവ്യാധിയല്ലാത്തതിനാൽ മറ്റുവള്ളരിലേക്ക് പകരുമെന്ന് ഭയക്കേണ്ടതില്ല.
കുട്ടികളിൽ കാണുന്ന ഭൂരിപക്ഷം ക്യാൻസറും പാരമ്പര്യമായി ഉണ്ടാകുന്നതല്ല. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ക്യാൻസർ നിർണയക്കപ്പെട്ടതുകൊണ്ട് അടുത്ത കുട്ടിക്കോ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കോ പിടിപെടണമെന്നില്ല.

ലക്ഷണങ്ങൾ അവഗണിക്കരുത്

കുട്ടികളിലെ ക്യാൻസർ ബാധയുടെ പ്രധാന ലക്ഷണങ്ങൾ പത്താണ്. വിട്ടുമാറാത്ത പനി, അസഹനീയമായ ശരീര വേദന, മൂക്കിലൂടെയുള്ള രക്ത പ്രവാഹം, തലകറക്കം, കുഴഞ്ഞുവീഴൽ, വയർ വീർക്കൽ, ശരീരത്തിലെ തടിപ്പ്, വിളർച്ച തുടങ്ങി പല രീതിയിലാവും രോഗത്തിന്റെ തുടക്കം. എന്നാൽ ഈ ലക്ഷണങ്ങൾ മറ്റ് രോഗങ്ങൾക്കുമുണ്ട്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

രക്ഷിതാക്കളറിയാൻ

കുട്ടികളിലെ ക്യാൻസർ ചികിത്സ ചെലവേറിയതല്ല. തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്ററിലും സർക്കാർ മെഡിക്കൽകോളജ് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. കുട്ടികളെ ബാധിക്കുന്ന ക്യാൻസറിന് 60-80 ശതമാനം ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കിയാൽ പൂർണമായും മാറും.

കുട്ടികളെ ക്യാൻസർ ബാധിച്ചാൽ ആദ്യം അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. എന്നാൽ അവർ ചികിത്സയോട് പൂർണമായും സഹകരിക്കും. ചികിത്സ മുഴുവൻ കഴിയുന്നത് വരെ കുട്ടി സ്‌കൂളിൽ നിന്നോ വീട്ടിൽ നിന്നോ വിട്ടുനിൽക്കേണ്ട കാര്യമില്ല. മാതാപിതാക്കൾ കുട്ടിയുടെ മുന്നിൽ ദു:ഖവും വേദനയും പ്രകടിപ്പക്കരുത്. അത് അവരെ മാനസികമായി തളർത്തും.
ചികിത്സാ കാലയളവിൽ കുട്ടികൾക്ക് സാംക്രമിക രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ചികിത്സാ സമയത്ത് കുട്ടിയുടെ രോഗപ്രതിരോധ ശക്തി കുറവായിരിക്കും. രോഗം ഭേദമാകുമ്പോൾ തന്നെ പാർശ്വഫലങ്ങളെകുറിച്ചും മാതാപിതാക്കൾ ബോധവാൻമാരായിരിക്കണം.

ചികിത്സക്ക് പാർശ്വഫലങ്ങളുണ്ട്. ഒന്ന് ചികിത്സാ സമയത്ത് ഉണ്ടാകുന്നത്. രണ്ട് വൈകിയുണ്ടാകുന്നത്. വൈകിയുണ്ടാകുന്ന പാർശ്വഫലങ്ങൾ പലതരത്തിലുണ്ട്. വളർച്ചാമുരടിപ്പ്, പഠനവൈകല്യങ്ങൾ എന്നിങ്ങനെയാണിത്. അതിനാൽ ചികിത്സ കഴിഞ്ഞാലും തുടർ പരിശോധന ആവശ്യമാണ്. ഈ സമയത്ത് ശാരീരിക മാറ്റം, മാനസിക പ്രശ്‌നങ്ങൾ വിലയിരുത്തേണ്ടതാണ്.
കൂടാതെ ജീവിതശൈലിയിലും മാറ്റം വരുത്തണം. ആവശ്യമായ വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, പാൽ പോലുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുക. അതിനെ കുറിച്ച് കുട്ടികൾക്ക് ഉപദേശം നൽകണം. കുട്ടികളുടെ സമീപം തുടർച്ചയായി പുകവലിക്കുന്നത് ദോഷകരമാണ്.

ശ്രദ്ധിക്കണം

ഗർഭകാലത്തും കുട്ടി ജനിച്ച ശേഷവും തുടർച്ചയായി പുകവലിക്കരുത്. പാൻമസാല പോലുള്ളവ ഉപയോഗിക്കരുത്. പരിസ്ഥിതി മലിനീകരണമുള്ള സ്ഥലത്ത് കഴിയുന്നതും ഒഴിവാക്കണം. മാലിന്യം, വിഷാംശം കലർന്ന ജലം ഉപയോഗിക്കരുത്. മറ്റ് സാംക്രമിക രോഗങ്ങൾ വരാതെ നോക്കണം.

മുൻകരുതൽ

കുട്ടികൾക്ക് ക്യാൻസർ ബാധയുണ്ടെന്ന സംശയം തോന്നിയാൽ ഓങ്കോളജിസ്റ്റിന്റെ സഹായം തേടുക. ആത്മവിശ്വാസത്തോടെ ചികിത്സയെ അഭിമുഖീകരിക്കുക. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുക.
ഡോക്ടർ പറയുന്ന കാലയളവ് വരെ ചികിത്സ തുടരുക. രോഗം ഭേദമായി എന്ന ധാരണയിൽ ചികിത്സ നിർത്തരുത്. ചികിത്സക്ക് ശേഷം തുടർ പരിശോധനകൾ നടത്തുക. കുട്ടികളിലെ ക്യാൻസർ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ അവരുടെ പുഞ്ചിരി നമുക്കെന്നും കാണാനാകും.

തയ്യാറാക്കിയത് – ടി എസ് നാസില