Connect with us

Editorial

ആരുടെ ഗാന്ധി?

Published

|

Last Updated

ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികാചരണത്തിന്റെ ഭാഗമായി രാജ്യത്താകെ വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ചരിത്രത്തിലുടനീളം ഗാന്ധിജിയെ തള്ളിപ്പറയുകയും അദ്ദേഹത്തിന്റെ ഘാതകനെ പലപ്പോഴും ന്യായീകരിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോലും മഹാത്മാവിനെ കൊണ്ടാടുന്നുവെന്നതാണ് വിചിത്രമായ വസ്തുത. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള മാതൃഭൂമി പത്രം ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ച് ഈ ആഘോഷത്തിന് തികച്ചും അപലപനീയമായ മാനം സൃഷ്ടിക്കുകയും ചെയ്തു.

ആഗോളതലത്തിലും ഈ കൊണ്ടാടല്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം പ്രത്യക്ഷപ്പെട്ടത്.
ബി ജെ പിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ സങ്കല്‍പ്പ യാത്ര നടക്കുകയാണ്. മന്‍ മേം ബാപ്പു എന്നാണ് മുദ്രാവാക്യം. ആര്‍ എസ് എസും ഈ പ്രചാരണ പരിപാടിയില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. ഇതിന്റെ ഭാഗമാണ് മാതൃഭൂമി പത്രത്തില്‍ മോഹന്‍ ഭഗവത് ലേഖനമെഴുതിയത്. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും പോഷക ഘടകങ്ങളായി വിദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും ഗാന്ധിയെ ആഘോഷിക്കുന്നുണ്ട്. അഹിംസ, ശുചിത്വം, സ്വദേശി, സ്വരാജ് എന്നീ ആശയങ്ങള്‍ മാത്രം മുന്‍ നിര്‍ത്തിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഗാന്ധിയെ കൊണ്ടാടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംവാദം, സഹിഷ്ണുത, മതസൗഹാര്‍ദം, അയിത്തോച്ചാടനം തുടങ്ങിയ തിളക്കമാര്‍ന്ന ഗാന്ധി ദര്‍ശനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി ഇക്കൂട്ടര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകളുടെ ലക്ഷ്യം ലളിതമാണ്. പിന്നെയും പിന്നെയും കൊന്നാലും മരിക്കാതെ നില്‍ക്കുന്ന ഗാന്ധി ദര്‍ശനമെന്ന യാഥാര്‍ഥ്യം അവരെ വേട്ടയാടുന്നുണ്ട്. രാജ്യം നിരന്തരം മഹാത്മാവിനെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ പ്രതിസന്ധികള്‍ക്കു മുമ്പിലും പരിഹാരമായി ഗാന്ധി വന്നു നില്‍ക്കുന്നുവെന്നത് ചില്ലറ അലോസരമല്ല ഇക്കൂട്ടര്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ട് ഗാന്ധിജിയെ ബ്രാന്‍ഡ് ആക്കി പരിവര്‍ത്തിപ്പിക്കേണ്ടിയിരിക്കുന്നു. സ്വച്ഛ് ഭാരതില്‍ അതാണ് ചെയ്തത്. ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ ഏകശിലാത്മക മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ രാജ്യത്തിന്റെ തനതായ പ്രതിച്ഛായ ഇടിയുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. ആഗോള തലത്തില്‍ ഈ പ്രതിച്ഛായ ഒന്നു വെടിപ്പാക്കിയെടുക്കണം. സമൂഹത്തെ ന്യൂനപക്ഷമായും ഭൂരിപക്ഷമായും വിഭജിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യുകയെന്ന ഗൂഢ തന്ത്രത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് നിരന്തരം പ്രഖ്യാപിക്കുന്നവര്‍ ഗാന്ധിജിയെ കൂട്ടുപിടിക്കുന്നത് ലജ്ജാകരമായ അവസ്ഥയാണ്.

ഗാന്ധി സനാതന ഹിന്ദുവായിരുന്നു. എന്നാല്‍ അദ്ദേഹം ഹിന്ദുത്വ വാദത്തിന്റെ നിശിത വിമര്‍ശകനായിരുന്നു. കോണ്‍ഗ്രസിലെ ബാലഗംഗാധര തിലക് ധാരയില്‍ നിന്ന് അദ്ദേഹം അകന്നു നിന്നു. ഹിന്ദു മഹാസഭയും പിന്നീട് ആര്‍ എസ് എസും ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കൃത്യമായി ബഹുസ്വര മുന്നേറ്റമാക്കാന്‍ ഗാന്ധിജി തന്റെ സര്‍വ സ്വാധീനവും പ്രയോഗിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം എല്ലാ പിന്തുണയും നല്‍കി. ഹിന്ദു- മുസ്‌ലിം ഐക്യത്തിനായി പോരാടി. വിഭജനാനന്തരം ഉണ്ടായ കലാപങ്ങളെ ഇരു പക്ഷത്തുമുള്ള വര്‍ഗീയ വാദികള്‍ ആഘോഷിക്കുകയും മുറിവുണങ്ങാതിരിക്കാന്‍ വ്രണങ്ങളില്‍ കത്തി കയറ്റുകയും ചെയ്തപ്പോള്‍ ഏകാകിയായി, നിരാഹാരമെന്ന തന്റെ ആയുധവുമായി ഗാന്ധിജി അലഞ്ഞു. രാമരാജ്യം വരണമെന്ന് ആഗ്രഹിക്കുകയും അത് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഗാന്ധിജിയുടെ രാമന്‍ പക്ഷേ, ഹിന്ദുത്വയുടെ വില്ല് കുലച്ച് നില്‍ക്കുന്ന രാമനായിരുന്നില്ല. നിഗ്രഹാത്മകമായിരുന്നില്ല ഗാന്ധിജിയുടെ രാമസങ്കല്‍പ്പം. അത് രഞ്ജിപ്പിന്റെ രാമനായിരുന്നു.

അതുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക് മഹാത്മാ ഗാന്ധി കൊല്ലപ്പെടേണ്ട ശത്രുവായി മാറി. ഇന്ന് മോഹന്‍ ഭഗവതിന് ഗാന്ധിസ്തുതിയെഴുതാന്‍ താളുകള്‍ നല്‍കുന്നവര്‍ക്ക് മുന്നില്‍ ഗാന്ധിവധത്തിന്റെ സത്യം ഉച്ചത്തില്‍ വിളിച്ചു പറയുകയെന്നതാണ് ശരിയായ പ്രതിരോധം. ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ആര്‍ എസ് എസിന്റെ വാദം തീര്‍ത്തും സാങ്കേതികം മാത്രമാണ്. ഹിന്ദു മഹാസഭയുടെ വകഭേദം തന്നെയാണ് ആര്‍ എസ് എസ്. നാഥുറാം വിനായക് ഗോഡ്‌സേ, നാരായണ്‍ ആപ്‌തെ എന്നീ രണ്ട് ബ്രാഹ്മണര്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ്‌വ എന്നിവര്‍ സഹായികളായി. ഇവരെയൊന്നും സംഘ്പരിവാരം തള്ളിപ്പറഞ്ഞിട്ടില്ല. നാഥുറാം ആര്‍ എസ് എസുകാരനായിരുന്നുവെന്ന സഹോദരന്‍ മദന്‍ ലാല്‍ ഗോഡ്‌സേയുടെ വാക്കുകള്‍ തിരുത്താന്‍ ആര്‍ എസ് എസ് മെനക്കെട്ടിട്ടില്ല. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് മധുരപലഹാരം വിതരണം ചെയ്തു. രാജ്യത്താകെ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നടന്നു. നാഥുറാം വിനായക് ഗോഡ്‌സേ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണെന്ന് പറഞ്ഞ കമല്‍ഹാസനെ സംഘ്പരിവാറുകാര്‍ കൊന്നില്ലെന്നേയുള്ളൂ. ഗോഡ്‌സേ ധീരദേശാഭിമാനിയാണെന്ന് ആക്രോശിച്ച പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പി. എം പിയാണെന്നോര്‍ക്കണം. അതുകൊണ്ട് ചര്‍ക്കക്ക് മുമ്പില്‍ ചമ്രംപടിഞ്ഞിരുന്നത് കൊണ്ടോ ഗാന്ധി ജയന്തിക്ക് ലേഖനമെഴുതിയത് കൊണ്ടോ ഗാന്ധിയുടെ മഹത്വത്തിന്റെ പങ്ക് പറ്റാനാകില്ല. അപരമത വിദ്വേഷത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും അസഹിഷ്ണുതയുടെയും ഇടുങ്ങിയ ദേശീയതയുടെയും ചെളിക്കുഴിയില്‍ കാലൂന്നി നില്‍ക്കുന്നവര്‍ക്ക് എത്തിപ്പെടാനാകാത്ത ഇടമാണ് ഗാന്ധി മാര്‍ഗം.

Latest