Connect with us

First Gear

എസ് യു വി ലുക്കില്‍ മാരുതി എസ്-പ്രെസ്സോ വിപണിയില്‍; വില 3.69 ലക്ഷം മുതല്‍

Published

|

Last Updated

മുംബൈ: മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ എസ്-പ്രസ്സോ ഇന്ത്യയില്‍ വിപണിയിലിറക്കി. മിനി എസ് യു വി സെഗ്‌മെന്റിലുള്ള വാഹനത്തിന് 3.69 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എസ്-പ്രസ്സോ ഫ്യൂച്ചര്‍ എസ് ആശയം അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള എസ്-പ്രെസ്സോക്ക് എസ് യു വിയുടെ സവിശേഷതകളാണുള്ളത്. വിറ്റാര ബ്രെസ്സയോട് സാമ്യമുള്ള മുന്‍വശമാണ് കാറിനുള്ളത്. ക്രോം ഗ്രില്‍, സ്‌ക്വയറിഷ് ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവ ഈ കാറിന് എസ് യു വി ലുക്ക് നല്‍കുന്നു. വലിയ ബൂട്ട് ലിഡും ചതുരശ്ര ആകൃതിയിലുള്ള ടെയില്‍ ലാമ്പുകളും പിന്‍വശത്തിന് അഴകക് പകരുന്നു.

ആള്‍ട്ടോ കെ 10 ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. 5,500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പിയും 3,500 ആര്‍പിഎമ്മില്‍ 90 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. ബിഎസ് 6 ആണ് എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഓപ്ഷനും ലഭ്യാമണ്. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകളിലേത് പോലെ മാരുതി സുസുക്കിയുടെ ഹിയര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് എസ് പ്രസ്സോ മൈക്രോ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്.

ഉള്‍വശത്ത് എസ്-പ്രസ്സോയ്ക്ക് കറുത്ത നിറമുള്ള ഇന്റീരിയറും ഡാഷ്‌ബോര്‍ഡിന് ബോഡികളര്‍ ഇന്‍സേര്‍ട്ടുകളും നലകിയിട്ടുണ്ട്. മിനി കൂപ്പറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള റൗണ്ട് സെന്റര്‍ കണ്‍സോളാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭ്യമാക്കിയിട്ടുണ്ട്. യുഎസ്ബി പോര്‍ട്ടും 12 വോള്‍ട്ട് സോക്കറ്റും എസി, പവര്‍ വിന്‍ഡോകള്‍ക്കുള്ള നിയന്ത്രണങ്ങളും സെന്റര്‍ കണ്‍സോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എസ്പ്രസ്സോയുടെ ടോപ്പ് മോഡലുകളില്‍ ഡ്യുവല്‍എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കിംഗ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ഉണ്ടായിരിക്കും. അതേസമയം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് അടിസ്ഥാന മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ്, എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ് എന്നീ നാല് പ്രധാന വേരിയന്റുകളില്‍ കാര്‍ ലഭ്യമാകും. കൂടാതെ ട്രിം, ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ അടിസ്ഥാനമാക്കി 10 ഓപ്ഷനുകളും ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് (ഒ), എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ (ഒ), വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ (ഒ), വിഎക്‌സ്‌ഐ +, വിഎക്‌സ്‌ഐ എജിഎസ്, വിഎക്‌സ്‌ഐ (ഒ) എജിഎസ്, വിഎക്‌സ്‌ഐ + എജിഎസ് എന്നിവയാണ് ഓപ്ഷനുകള്‍.

Latest