സാഹിത്യോത്സവ് ഉത്സവമാക്കി ചാവക്കാട്ടുകാര്‍

Posted on: September 30, 2019 1:27 pm | Last updated: September 30, 2019 at 1:27 pm


ചാവക്കാട്: ജീവിതത്തിലാദ്യമായി തങ്ങളുടെ സ്വന്തം നാട്ടിലേക്ക് വിരുന്നെത്തിയ സാഹിത്യോത്സവ് അക്ഷരാര്‍ഥത്തില്‍ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് ചാവക്കാട്ടുകാര്‍. ഇത്രയും വലിയതും വിപുലവുമായ ഒരു പരിപാടി ആദ്യമായാണ് ചാവക്കാട്ടുകാര്‍ കാണുന്നതുതന്നെ. രാഷ്ട്രീയ പാര്‍ട്ടികളുടെ ചെറിയ പരിപാടികളോ മതസംഘടനകളുടെ റാലികളും സമ്മേളനങ്ങളും മറ്റും കണ്ടു ശീലിച്ച ചാവക്കാട്ടുകാര്‍ മൂന്ന് ദിവസമായി മുഴുസമയവും പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ കണ്ട് അന്ധാളിച്ചിരിക്കുകയാണ്. ഇത് ഇവരുടെ വാക്കുകളില്‍ തന്നെ പ്രകടമാവുകയാണ്. പരിപാടികളെകുറിച്ച് ചോദിച്ചറിയാനും സദസില്‍ മത്സരിച്ച് ഇടംപിടിക്കാനും ഈ നാട്ടുകാര്‍ നിറയെ ഉണ്ട്.

പലപ്പോഴും പലവേദികളും തിങ്ങി നിറഞ്ഞ് കാണികള്‍ പുറകോട്ട് നില്‍ക്കേണ്ടി വന്നു. ഒരേ സമയം പതിനൊന്ന് വേദികള്‍ കാണുമ്പോള്‍ തന്നെ ഇവരുടെ മുഖത്തുള്ള അതിശയം വായിച്ചെടുക്കാനാകും. പരിപാടിയുടെ സംഘാടനത്തിലും ഈ നാട്ടുകാര്‍ അത്ഭുതം കൂറുന്നു. പ്രദേശത്തെ വിവിധ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും ഈ പരിപാടിയെ വളരെ താത്പര്യത്തോടെയാണ് നോക്കിക്കണ്ടത്. എസ് എസ് എഫ് സാഹിത്യോത്സവ് ചരിത്രത്തില്‍ ആദ്യമായി നഗരമധ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവ് ചരിത്രമായപ്പോള്‍ ഇതിനു മുന്നില്‍ നിന്ന ചാവക്കാട്ടുകാരും ചരിത്രത്തിന്റെ ഭാഗമായി.