പാലായിലെ തിരിച്ചടി: ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ജെ ജോസഫ്

Posted on: September 27, 2019 3:47 pm | Last updated: September 28, 2019 at 10:53 am

പാലാ: പാലാ ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിനു പിന്നാലെ ജോസ് കെ മാണിയെയും ജോസ് ടോമിനെയും കടന്നാക്രമിച്ച് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന്റെ പക്വതയില്ലാത്ത തീരുമാനങ്ങളാണ് പരാജയത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മാണി സാറിന്റെ അഭാവത്തില്‍ സ്വാഭാവികമായും വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരങ്ങള്‍ ഉണ്ടാവേണ്ടത്. എന്നാല്‍ അത് അംഗീകരിക്കാന്‍ ജോസ് കെ മാണി തയാറായില്ല.

മാണി സാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിച്ചയാളെ തന്നെ സ്ഥാനാര്‍ഥിയാക്കി. ചിഹ്നം വേണ്ടെന്നു പറഞ്ഞതും ഇതേ സ്ഥാനാര്‍ഥിയാണ്. എന്നാല്‍, ചിഹ്നം കിട്ടിയിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്നാണ് ജോസ് കെ മാണി ഇപ്പോള്‍ പറയുന്നത്. അതിന് ഉത്തരവാദി ഞാനല്ല. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകള്‍ മാത്രമാണ്. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നീക്കാത്തതും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി.

പാര്‍ട്ടിക്കകത്ത് ജയസാധ്യതയുള്ള പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും സ്ഥാനാര്‍ഥിയാക്കുന്നതിന് പരിഗണിക്കപ്പെട്ടില്ല. മാണി സാറിന്റെ വേര്‍പാടിനു ശേഷം പാര്‍ട്ടി പരാജയപ്പെട്ടതില്‍ കടുത്ത വേദനയും വിഷമവുമുണ്ട്. എന്തുകാരണത്താലാണ് തോല്‍വി സംഭവിച്ചതെന്നത് നിഷ്പക്ഷമതികള്‍ വിലയിരുത്തട്ടെയെന്ന് ജോസഫ് പറഞ്ഞു.