പാലാരിവട്ടം: അന്വേഷണം തടസ്സപ്പെടുത്തരുത്- ഹൈക്കോടതി

Posted on: September 24, 2019 12:11 pm | Last updated: September 24, 2019 at 1:09 pm

കൊച്ചി: ആരെന്ത് പറഞ്ഞാലും ബലക്ഷയമുള്ള പാലാരിവട്ടം പാലം പൊളിക്കേണ്ട അവസ്ഥയിലാണെന്ന് ഹൈക്കോടതി. ഇതിനാല്‍ കേസില്‍ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും ഉണ്ടാകരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ അറസ്റ്റിലുള്ള പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.  അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറിയും പ്രതികള്‍ക്കെതിരയുള്ള തെളിവുകള്‍ അടങ്ങിയ കവറും സീല്‍ ചെയ്ത് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികള്‍ വിജിലന്‍സ് തുടങ്ങി. ജയിലല്‍വെച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ നാളെ പരിഗണിക്കും. നേരത്തെ മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിനെതിരെ സൂരജ് മൊഴി നല്‍കിയിരുന്നു. പാലം നിര്‍മാണത്തിന് കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് ഇബ്രാഹീംകുഞ്ഞ് ആവശ്യപ്പെട്ടതിന് അനുസരിച്ചായിരുന്നെന്നായിരുന്നു സൂരജിന്റെ മൊഴി. ഇതില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് വീണ്ടും ചെയ്യുന്നത്.