സംസ്ഥാനത്ത് വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറയുന്നു

Posted on: September 23, 2019 5:01 pm | Last updated: September 23, 2019 at 5:01 pm


കൊച്ചി: ഒന്നിന് പിറകെ ഒന്നായി പ്രളയം എത്തിയതോടെ സംസ്ഥാനത്തെ ടൂറിസം മേഖല തകർച്ചയുടെ വക്കിൽ. വിദേശ ടൂറിസ്റ്റുകളുടെ വരവിന്റെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോംസ്റ്റേകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള ടൂറിസം മേഖല പിടിച്ച് നിൽക്കുന്നതിന് പെടാപ്പാടിലാണ്. സാധാരണ ഈ സമയങ്ങളിൽ വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി സംസ്ഥാനത്തേക്ക് എത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ എഴുപത് ശതമാനം പേരും ബുക്കിംഗ് റദ്ദ് ചെയ്തതായാണ് മേഖലയിലുള്ളവർ പറയുന്നത്. കഴിഞ്ഞ പ്രളയത്തിൽ നൂറ് ശതമാനം ബുക്കിംഗും റദ്ദ് ചെയ്തിരുന്നു. അതിൽ നിന്ന് കരകയറാനുള്ള ശ്രമത്തിനിടയിലാണ് രണ്ടാം പ്രളയം വരുന്നത്. ഇതോടെ ടൂറിസം മേഖല ആകെ തളർച്ചയിലേക്ക് പോകുന്ന അവസ്ഥയിലാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോർട്ട്‌ കൊച്ചിയിൽ പല ഹോംസ്റ്റേകളും അടച്ചിട്ടു.

പ്രളയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അതിശയോക്തി കലർന്ന പ്രചാരണം അഴിച്ചുവിട്ടതാണ് ടൂറിസം മേഖലക്ക് തിരിച്ചടിയായത്. ഇത് കേരളത്തിലേക്ക് വരുന്നത് അപകടകരമാണെന്ന തോന്നൽ സഞ്ചാരികളിലുളവാക്കി. ഇതോടെ വിദേശ സഞ്ചാരികൾ സംസ്ഥാനത്തേക്ക് വരുന്നത് ഒഴിവാക്കുന്ന സാഹചര്യമുണ്ടായി. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിനെയും ഒരു പരിധി വരെ ഇത് ബാധിച്ചു. കേരള ഹാറ്റ്‌സിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ നിന്നുള്ള സഞ്ചാരികളെ കേരളത്തിലെത്തിച്ച് സമൂഹ മാധ്യമങ്ങളിൽ പറയുന്ന പോലെ അവസ്ഥ ഇവിടെയില്ലന്ന് ബോധ്യപ്പെടുത്തേണ്ട സാഹചര്യവുമുണ്ടായി.

ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിനെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് നിലനിൽപ്പുള്ളൂവെന്ന നിലപാടിലെത്തിയിരിക്കുകയാണ് ഈ മേഖലയിലുള്ളവർ. ഇതിനായി കേരള ഹാറ്റ്‌സിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് ഡയറക്ടർ എം പി ശിവദത്തൻ പറഞ്ഞു.