Connect with us

International

ഹൗഡി മോദി മഴപ്പേടിയിൽ; പരിപാടി നാളെ

Published

|

Last Updated

ഹൂസ്റ്റൺ/ ന്യൂഡൽഹി: ഹൂസ്റ്റണിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഹൗഡി മോദി പരിപാടി മഴയിലും കാറ്റിലും അലങ്കേലമാകുമെന്ന് ആശങ്ക. പ്രകൃതിക്ഷോഭത്തിൽ രണ്ട് പേർ മരിച്ചതോടെ ടെക്‌സാസിൽ വിവിധ സ്ഥലങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെക്‌സാസിലെ 13 കൗണ്ടികളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂനമർദത്തെത്തുടർന്നുണ്ടായ അതിശക്തമായ മഴ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. നിരവധി സ്ഥലങ്ങൾ പ്രളയത്തിന്റെ പിടിയിലായിക്കഴിഞ്ഞു. വൈദ്യുത വിതരണം നിലച്ചിരിക്കുകയാണ്.

അതേസമയം ഹൗഡി മോദി പരിപാടിക്കായുള്ള വേദിയുടെ നിർമാണവും മറ്റ് അനുബന്ധ സംവിധാനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടി വലിയ വിജയമായി തീരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. 50,000 ഇന്ത്യൻ വംശജരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ട്രംപിന് പുറമെ ഗവർണർമാർ, യു എസ് കോൺഗ്രസ് അംഗങ്ങൾ, മേയർമാർ തുടങ്ങി ഉന്നത അമേരിക്കൻ അധികൃതരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

ടെക്‌സാസ് ഇന്ത്യാ ഫോറമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ഔദ്യോഗിക പര്യടനത്തിനാണ്പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തുന്നത് യോർക്കിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ഈ മാസം 27ന് ഐക്യരാഷ്ട്ര പൊതുസഭയെയും അഭിസംബോധന ചെയ്യും. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് 24 ന് യുഎന്നിൽ ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ദക്ഷിണ കൊറിയൻ പ്രസിഡന്റ്, സിംഗപ്പൂർ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, ജമൈക്ക പ്രധാനമന്ത്രിമാർ, യു എൻ സെക്രട്ടറി ജനറൽ എന്നിവരുൾപ്പെടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. സ്വച്ഛ് ഭാരത് അഭിയാൻ ശുചിത്വ ക്യാമ്പയിൻ വിജകരമായി നടപ്പാക്കിയതിന് ബിൽ, മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് നൽകി മോദിയെ ആദരിക്കും. ഇന്ത്യ- യു എസ് വ്യാപാരം വ്യാപിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഹൂസ്റ്റൺ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് ഉത്തേജനം നൽകുമെന്നും ഇന്ത്യയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും ഇന്തോ അമേരിക്കൻ ചേംബർ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ പറഞ്ഞു.
ഹൂസ്റ്റണിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് നടത്തുന്ന കാര്യവും ചർച്ചയാകും. ബ്രസീൽ, ചൈന, മെക്‌സിക്കോ എന്നിവയ്ക്ക് ശേഷം ഹൂസ്റ്റണിന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.