കോര്‍പ്പറേറ്റ് നികുതി കുറച്ചത് ചരിത്രപരം: പ്രധാനമന്ത്രി

Posted on: September 20, 2019 3:36 pm | Last updated: September 20, 2019 at 3:36 pm

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും ഇത് 130 കോടി ഇന്ത്യക്കാരുടെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നടപടി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വലിയ ഉത്തേജനം നല്‍കുമെന്നും പ്രധാനമന്ത്രി ട്വീറ്റുകളില്‍ പറഞ്ഞു.

‘കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടി ചരിത്രപരമാണ്. ഇത് മേക്ക് ഇന്‍ ഇന്ത്യക്ക് വലിയ ഉത്തേജനം പകരും. ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക, നമ്മുടെ സ്വകാര്യമേഖലയുടെ മത്സരശേഷി മെച്ചപ്പെടുത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയിലൂടെ 130 കോടി ഇന്ത്യക്കാരുടെ വിജയമായി ഇത് മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനും മികച്ച ഇടമാക്കി മാറ്റുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി വരുന്ന പ്രഖ്യാപനങ്ങളെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.