പാലാരിവട്ടം: ടി ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് ഇബ്രാഹീം കുഞ്ഞ്

Posted on: September 18, 2019 1:26 pm | Last updated: September 18, 2019 at 2:59 pm

കൊച്ചി: ഒരു ദിവസത്തെ മൗനത്തിന് ശേഷം ടി ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് കരുതലോടെ പ്രതികരിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്. പാലാരിവട്ടം പാലം പണിയാന്‍ കരാറുകാരന് മുന്‍കൂട്ടി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.

പാലത്തിനുള്ളത് സാങ്കേതിക തകരാറാണ്. ഇതിന് തനിക്ക് ഉത്തരവാദിത്വമില്ല. ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്നും ഇബ്രാഹീംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കലെത്തിയത്. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയില്‍ വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജ് ഹൈക്കോടതിയില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.

അതേ സമയം വിഷയത്തില്‍ ഇബ്രാഹീംകുഞ്ഞിന് പിന്തുണയുമായി മുസ്ലിം ലീഗ് നേതൃത്വവും രംഗത്തെത്തി. ഇബ്രാഹീം കുഞ്ഞിനെതിരായ ആരോപണത്തില്‍ ഒരു തെളിവുമില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇബ്രാഹീം കുഞ്ഞിനെതിരെ ഒരു റിട്ടേണ്‍ പരാതിയും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.