മാര്‍ ഇവാനിയോസ് കോളജിലേക്ക് അതിവേഗതയില്‍ കാറോടിച്ചു കയറ്റി; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: September 17, 2019 1:12 pm | Last updated: September 17, 2019 at 3:25 pm

തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജ് ക്യാമ്പസിലേക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റിയ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് സാരമായി പരുക്കേറ്റു. ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വോദയ സി ബി എസ് ഇ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ റിതാ ഷെരീഫ്, അഭിനവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരിലൊരാളെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

തിങ്കളാഴ്ച ഉച്ചക്ക് കോളജ് ക്യാമ്പസിന് സമീപത്തെ സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച് കാമ്പസില്‍ കാറുമായി കയറിയ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ മണ്ണന്തല പോലീസ് കേസെടുത്തിട്ടുണ്ട്.