പുതിയ പിഴനിരക്ക് യുക്തിരഹിതം; അന്തിമ തീരുമാനം വരുംവരെ ഈടാക്കില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: September 14, 2019 3:36 pm | Last updated: September 14, 2019 at 7:39 pm

കണ്ണൂര്‍: ഭേദഗതി ചെയ്ത ഗതാഗത നിയമം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഗതാഗത നിയമലംഘനത്തിനു പുതുക്കിയ പിഴനിരക്ക് ഈടാക്കില്ലെന്നു മന്ത്രി എ കെ ശശീന്ദ്രന്‍. പുതിയ പിഴനിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നും വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരേ കുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്കു മാറ്റം വരും. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കണം.