Connect with us

Sports

ബ്രസീലിന് പെറു ഷോക്ക്; മെക്സിക്കോയെ മുക്കി അർജന്റീന

Published

|

Last Updated

ഹാട്രിക് നേടിയ മാർട്ടിനസ്

ലോസ് ആഞ്ചൽസ്: ബ്രസീലിന്റെ വിജയക്കുതിപ്പിന് പെറുവിന്റ സഡൺ ബ്രേക്ക്. തോൽവിയറിയാതെ 17 മത്സരങ്ങൾ പിന്നിട്ട ബ്രസീലിനെ രാജ്യാന്തര സൗഹൃദ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പെറു തോൽപ്പിച്ചത്.

85ാം മിനുട്ടിൽ ലൂയിസ് അബ്രഹാമാണ് വിജയ ഗോൾ നേടിയത്. ഫ്രീക്കിക്കിലൂടെയായിരുന്നു ഗോൾ. ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തോടേറ്റ തോൽവിക്ക് ശേഷം ഇതാദ്യമായാണ് രാജ്യാന്തര ഫുട്‌ബോളിൽ ബ്രസീൽ പരാജയം രുചിക്കുന്നത്.

സൂപ്പർ താരങ്ങളായ നെയ്മർ, ഫിലിപ്പെ കുടീഞ്ഞ്യോ, വിനിഷ്യസ് ജീനിയർ, ലൂക്കാസ് തുടങ്ങിയവരില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. നേരത്തേ, കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ ബ്രസീൽ പെറുവിനെ 3-1 സ്കോറിന് തോൽപ്പിരുന്നു. കോപ്പ ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനും പെറു ബ്രസീലിനോട് പരാജയമേറ്റുവാങ്ങി. ഇതിനുള്ള മധുര പ്രതികാരം കൂടിയായി സൗഹൃദപ്പോര്.

മറ്റൊരു മത്സരത്തിൽ കരുത്തരായ മെക്‌സിക്കോയെ അർജന്റീന എതിരില്ലാത്ത നാല് ഗോളുകൾക്കു തകർത്തു. ലൗട്ടാരോ മാർട്ടിനസിന്റെ ഹാട്രിക് മികവിലായിരുന്നു അർജന്റീനയുടെ ജയം. 17, 22, 39 മിനുട്ടുകളിലാണ് മാർട്ടിനസ് സ്‌കോർ ചെയ്തത്. അർജന്റീനക്കായി ആദ്യമായാണ് താരം ഹാട്രിക് നേടുന്നത്. 33ാം മിനുട്ടിൽ ലിയാൻഡ്രോ പരേഡസ് അർജന്റീനയുടെ ശേഷിച്ച ഗോൾ നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. സൂപ്പർ താരം ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയവരില്ലാതെയാണ് അർജന്റീന ഇറങ്ങിയത്.