ബിയ്യം കായൽ വള്ളംകളി; കായൽ കുതിര ജലരാജാവ്

Posted on: September 13, 2019 12:32 pm | Last updated: September 13, 2019 at 12:32 pm
ബിയ്യം കായലിൽ നടന്ന വള്ളംകളിയിൽ പുറങ്ങ് ഫിറ്റ്‌വെൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ കായൽ കുതിര വിജയികളാകുന്നു

പൊന്നാനി: ബിയ്യം കായലിൽ നടന്ന വള്ളംകളിയിൽ കായൽ കുതിര ടീം ഈ വർഷത്തെ ജലരാജാവ്. ആവേശകരമായ മത്സരത്തിലാണ് പുറങ്ങ് ഫിറ്റ്‌വെൽ സ്‌പോർട്‌സ് ക്ലബിന്റെ കായൽ കുതിര കിരീടം സ്വന്തമാക്കിയത്.
ചൈതന്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ കെട്ടുകൊമ്പനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കായൽ കുതിര നേട്ടം കൈവരിച്ചത്. പുളിക്കകടവ് കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബ്ബിന്റെ പറക്കും കുതിര മൂന്നാം സ്ഥാനം നേടി. മൈനർ വിഭാഗത്തിൽ എം എം നഗർ യുവ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ യുവരാജ ഒന്നാം സ്ഥാനം നേടി. യുവശ്രീ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പടവീരൻ രണ്ടാം സ്ഥാനവും പുഴമ്പ്രം ഭാവനവുടെ പാർഥസാരഥി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മേജർ, മൈനർ വിഭാഗങ്ങളിലായി 23 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിമൂന്ന് മൈനർ വള്ളങ്ങളുമാണ് മത്സരിച്ചത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാർ ആഘോഷങ്ങൾ മാറ്റിവെച്ചിരുന്നു. എന്നാൽ, ക്ലബുകളുടെ ആവശ്യത്തെത്തുടർന്ന് വള്ളംകളി നടത്തുകയായിരുന്നു.