Connect with us

National

വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പത്മ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക

Published

|

Last Updated

ന്യൂഡല്‍ഹി: വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പത്മ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക കേന്ദ്ര കായിക മന്ത്രാലയം സമര്‍പ്പിച്ചു. ആറ് തവണ ലോക ചാമ്പ്യനായ ബോക്സിംഗ് താരം മേരി കോം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ടി ട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, പര്‍വതാരോഹകരായ ഇരട്ട സഹോദരങ്ങള്‍ താഷി, നങ്ഷി മാലിക്ക് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. ഇവരില്‍ മേരി കോമിനെ പത്മവിഭൂഷണ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്ക് ഒരു വനിതാ താരത്തിന്റെ പേര് നാമനിര്‍ദേശം ചെയ്യുന്നത്.
മേരി കോം 2006ല്‍ പത്മശ്രീയും 2013ല്‍ പത്മഭൂഷണും നേടിയിരുന്നു.

പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചാല്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്ന നാലാമത്തെ കായികതാരമാകും അവര്‍. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് (2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2008), പര്‍വതാരോഹകന്‍ എഡ്മണ്ട് ഹിലാരി (2008) എന്നിവരാണ് നേരത്തെ ഈ ഉന്നത ബഹുമതിക്ക് അര്‍ഹരായ കായിക താരങ്ങള്‍. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി വി സിന്ധുവിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് നാമനിര്‍ദേശമുണ്ട്. 2015ല്‍ പത്മശ്രീ നേടിയ സിന്ധുവിന്റെ പേര് 2017ലും പത്മഭൂഷന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പത്മശ്രീക്കായാണ് മറ്റ് ഏഴ് വനിതാ താരങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.

Latest