പ്രതിഷേധത്തെ തകര്‍ക്കാനാകില്ല; റാലിയില്‍ പങ്കെടുക്കും: നായിഡു

Posted on: September 11, 2019 12:42 pm | Last updated: September 12, 2019 at 9:43 am

അമരാവതി: തന്നെ തടവിലാക്കിയതു കൊണ്ടോ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതു കൊണ്ടോ സര്‍ക്കാറിനെതിരായ ന്യായമായ പ്രതിഷേധത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ടി ഡി പി നേതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. തന്റെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
അദ്ദേഹം. വീട്ടു ജോലിക്കാരെ പോലും അനുവദിക്കാതെയാണ് തടങ്കലിലാക്കിയിട്ടുള്ളത്. ഇതുകൊണ്ടൊന്നും റാലി ഇല്ലാതാക്കാന്‍ സാധിക്കില്ല. മുമ്പൊരിക്കലും ഇല്ലാത്ത രൂപത്തിലുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എന്തു തന്നെ സംഭവിച്ചാലും ഇന്നത്തെ റാലിയില്‍ പങ്കെടുക്കുമെന്നും നായിഡു പറഞ്ഞു.

നായിഡു വീടിന് പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് വാതിലുകള്‍ ബന്ധിച്ചിട്ടുണ്ട്. വീടിനു ചുറ്റും കനത്ത സുരക്ഷാ വലയവും തീര്‍ത്തിട്ടുണ്ട്. നായിഡുവിനൊപ്പം വീട്ടുതടങ്കലിലായ നാരലോകേഷും പോലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. വീടിന് പുറത്തിറങ്ങി പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ലോകേഷ് ഇത് ജനാധിപത്യത്തിന് നിരക്കാത്തതും സ്വേച്ഛാധിപത്യപരവുമായ സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് പറഞ്ഞു.