Ongoing News
തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീല്‍ പരിഗണിക്കുന്നതുവരെ തല്‍ക്കാലത്തേക്ക് കോടതി മരവിപ്പിച്ചു.
തിരുവനന്തപുരം|തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീല്‍ പരിഗണിക്കുന്നതുവരെ തല്‍ക്കാലത്തേക്ക് കോടതി മരവിപ്പിച്ചു.
കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാല്‍ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലില്‍ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. ആന്റണി രാജു നല്‍കിയ അപ്പീലില്‍ വാദം തുടരും.
മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഇത് പ്രോസിക്യൂഷന്‍ എതിര്‍ത്തു.




