റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിര്‍ത്തിവച്ചു; ബോധവത്കരണം തുടരും

Posted on: September 11, 2019 9:37 am | Last updated: September 11, 2019 at 2:02 pm

തിരുവനന്തപുരം:  മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡിലെ പരിശോധനയും നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കലും ഇനി ഓണത്തിനു ശേഷം മാത്രം. ഓണം കഴിയുന്നതു വരെ പിഴ ഈടാക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. എന്നാല്‍, നിയമം ലംഘിക്കുന്നവരെ പരിശോധനക്ക് നിയോഗിച്ചിട്ടുള്ള സ്‌ക്വാഡുകളെ ഉപയോഗിച്ച്  ബോധവത്കരിക്കും.

പുതിയ മോട്ടോര്‍ വാഹന ചട്ട പ്രകാരം പിഴ നിരക്ക് കുത്തനെ കൂട്ടിയതിനെതിരെ സംസ്ഥാനത്ത് പല കോണുകളില്‍ നിന്നും പരാതിയുയര്‍ന്നിരുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ ഇതിനിടെ പിഴ നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പിഴ ഈടാക്കുകയാണെങ്കില്‍ പുതുക്കിയ നിയമ പ്രകാരമുള്ള തുക മാത്രമെ നിലവില്‍ വാങ്ങാനാകൂ. ഇതുകൂടി കണക്കിലെടുത്താണ് വാഹന പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.