Connect with us

Ongoing News

വാദ്യോണം

Published

|

Last Updated

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ശുകപുരം ഒരു തായമ്പക ഗ്രാമമാണ്. എല്ലാ ദിവസവും തായമ്പക നടക്കുന്ന കുളങ്ങര ഭഗവതി ക്ഷേത്രവും ദക്ഷിണാമൂർത്തി ക്ഷേത്രവും ഉൾപ്പെടുന്ന സ്ഥലം എന്ന നിലയിലും തായമ്പകക്കാരാൽ സമ്പന്നം എന്ന നിലയിലും ശുകപുരം പ്രസക്തവും പ്രസിദ്ധവുമാണ്. വാദ്യകലാകാരന്മാർ അവരുടെ പേരിനൊപ്പം ദേശത്തെ വഹിക്കുക കൂടി മാത്രമല്ല, ഒരു ദേശം ഒരാളാവുന്ന വിധം കൂടിയാണ്. കൊട്ടുകാർ അവരുടെ പേരിനെ തന്നെ അപ്രധാനമാക്കി സ്ഥലനാമത്താൽ ഖ്യാതിപ്പെടുന്നു. തൃത്താലയും മലമക്കാവും പല്ലശ്ശനയും പല്ലാവൂരും ആലിപ്പറമ്പും പൂക്കാട്ടിരിയും വെറും ശാലീന ഗ്രാമങ്ങൾ മാത്രമല്ല, അവ മഹിമയുള്ളതാകുന്നത് കലാകുലപതികളുടെ ജന്മസ്ഥലികൾ എന്ന നിലക്കുമാണ്. ശുകപുരം എന്ന ഗ്രാമത്തിന്റെയും ആ പേരിൽ പ്രസിദ്ധനായ ശുകപുരം രാധാകൃഷ്ണന്റെയും ജന്മവും കർമവും ഇതുപോലെ ഭിന്നമല്ല. തായമ്പക രംഗത്ത് മൗലിക ശൈലി തുടരുന്ന ശുകപുരം രാധാകൃഷ്ണൻ ഒരത്ഭുതമാണ്.

തായമ്പകയുടെ കുലീന ശൈലി രൂപപ്പെട്ട മലമക്കാവിൽ നിന്ന് അഞ്ച് നാഴിക ദൂരമേയുള്ളൂ ശുകപുരത്തേക്ക്. കൊട്ടിലെ ഘന ശബ്ദം ഈ ഗ്രാമത്തിന് പകരം വെക്കാനില്ലാത്ത ഒന്നാണ്. വ്യത്യസ്ത കൊട്ടറിവുകളുള്ള ഇവിടെ ചുറ്റുവിളക്കിന്റെ പശ്ചാത്തലത്തിൽ ദിവസവും സന്ധ്യക്ക് തായമ്പകയുണ്ട്. കലാപൈതൃകം ഉരുവപ്പെടുത്തിയ ദേശം. കലോപാസകരുടെ ഈയൊരു പൈതൃക തുടർച്ച ശുകപുരത്തിന്റെ കൊട്ടിൽ ലയിച്ചു കിടപ്പുണ്ട്. കാലമെത്ര കഴിഞ്ഞാലും ഓർമയിൽ തുടി കൊട്ടുന്ന താളവിരുന്ന്. ആസ്വാദകർക്കിടയിൽ ശുകപുരം രാധാകൃഷ്ണനുള്ള സ്ഥാനം വലുതും മഹത്വമുള്ളതുമാണ്. വ്യത്യസ്ത ആസ്വാദന ശീലമുള്ളവരെ പോലും തൃപ്തിപ്പെടുത്താനുള്ള അപാര വഴികൾ ശുകപുരത്തിന്റെ മേളപ്പെരുക്കത്തിലുണ്ട്. തായമ്പകയുടെ തനിമയും ശബ്ദശ്രുതിയിലുമായി വേദികളിൽ നിന്നും വേദികളിലേക്ക് പോകുന്ന ഈ വാദ്യക്കാരൻ ജനപ്രിയനാണ്.

കൊട്ടിന്റെ തുടക്കം

അച്ഛൻ രാഘവപ്പണിക്കരുടെ ശിക്ഷണത്തിൽ പത്താം വയസ്സിലാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. വാദ്യകലയുടെ നാനാ വശങ്ങൾ ലയിച്ച കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കൊട്ടുപഠനത്തിൽ അച്ഛൻ തന്നെ ഗുരുനാഥൻ. പോരൂർ ശങ്കുണ്ണി മാരാരായിരുന്നു രാഘവപ്പണിക്കരുടെ ഗുരുനാഥൻ. ഈ ഗുരുപരമ്പരയുടെ പകർച്ചയാണ് ശുകപുരത്തിന് കിട്ടിയ സൗഭാഗ്യം. അച്ഛന്റെ നിശിത ശിക്ഷണവും കലാകാരൻ എന്ന നിലക്ക് കിട്ടിയ വാത്സല്യവും വാദ്യവുമായി ഉത്സവസ്ഥലങ്ങളിലേക്ക് പോക്ക് പതിവാക്കി. അങ്ങനെ പഴമയുടെ സ്വത്വശുദ്ധിയിൽ അധിഷ്ഠിതമായി തായമ്പകയെ കാലികമായി ആഖ്യാനിക്കാൻ കഴിഞ്ഞു. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഷിക പഠനത്തിന് ശേഷം 1980ൽ മഞ്ചേരി ഭൂപണയ ബേങ്കിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അവിടെ വാദ്യവിശാരദന്മാരായ കലാമണ്ഡലം ബലരാമൻ, മഞ്ചേരി ഹരി എന്നിവർക്കൊപ്പമായിരുന്നു സഹവാസം. ധാരാളം കൊട്ടണം.

കലയെ തൊട്ടറിയണം. ഇത് മാത്രമായിരുന്നു അക്കാലത്തെ അദമ്യമായ ആഗ്രഹം. മഞ്ചേരിയിലെ ദിനങ്ങൾ ഔദ്യോഗിക ജീവിതത്തിന്റെ മധുരസ്മരണകളായി നിൽക്കുന്നു. വാദ്യകലയിൽ പിൽക്കാലത്ത് തിളക്കം ലഭിക്കാൻ സൗകര്യമൊരുക്കി ഇക്കാലം. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചിരുന്നു. അധ്വാനം മുറ്റിയ അഭ്യാസകാലമായിരുന്നു അത്. എന്തിനും പാകപ്പെട്ട മനസ്സ്. പുതിയ അവതരണ രീതികൾ, പുതിയ സന്ദർഭങ്ങൾ കണ്ടെടുത്തു. തായമ്പകക്ക് ചെന്നെത്താൻ കഴിയുന്ന മേഖലകളുടെ അനന്ത സാധ്യതകൾ അങ്ങനെ തുറന്നുവന്നു. പ്രൗഢമായ താളഗാംഭീര്യവും സാധക മികവും മനോധർമങ്ങളിലെ കാല പ്രമാണവും ഉപരി, തെളിഞ്ഞ ഇടംകൈ നാദശുദ്ധിയും തായമ്പക വാദനത്തിൽ മൗലിക പ്രതിഭ എന്ന വിശേഷണത്തിന് അർഹത നേടി.

നാദോപാസന

ഗുരു ഭക്തിയും ജനപ്രീതിയും ഉള്ളതുപോലെ തന്നെ ശിഷ്യർക്കെല്ലാം പ്രിയപ്പെട്ട ഗുരുനാഥൻ. കോങ്ങാട്- ടിപ്പുസുൽത്താൻ റോഡിൽ ചെറായ എന്ന സ്ഥലത്ത് താമസിക്കുന്നു. കലോത്സവ വേദികളിലും ചാനൽ ഷോകളിലും തിളങ്ങി നിൽക്കുന്നവരിൽ പലരും ശിഷ്യന്മാരാണ്. ലാഘവത്തോടെ കലാവിദ്യകളെ സമീപിക്കുന്നവരല്ല ശുകപുരത്തിന്റെ ശിഷ്യർ. പഠിതാവിന്റെ അഭിനിവേശമാണ് മുഖ്യം. സാമ്പത്തികത്തിലൂന്നിയ പരിശീലനമില്ല. ഏതെങ്കിലും വിധത്തിൽ തീർത്തുകൊടുക്കുന്ന സമ്പ്രദായവുമില്ല. തായമ്പകയുടെ പഠനഗവേഷണ പാതയിൽ മൗലികമായിട്ടെന്തെങ്കിലും താത്പര്യം ഉള്ളവർക്കാണ് പ്രവേശനം. പല ചിട്ടകളിലൂടെ വളർന്ന് ലോകമാകമാനം പ്രചരിച്ച് ജനസമ്മതി നേടിയ കലാരൂപമാണിത്. കേവല വിനോദമോ ഉല്ലാസമോ അല്ല.

സ്‌നേഹവും വിനയവും ശുകപുരത്തിന്റെ അടയാളമായി കാണാം. സൗഹൃദങ്ങൾക്ക് മുമ്പിൽ ജാതിയും മതവും രാഷ്ട്രീയവും ഒന്നും തടസ്സമല്ല. മനുഷ്യ സാഹോദര്യമാണ് മതങ്ങളുടെ അന്തസ്സാരമെന്ന് കരുതുന്ന ഒരാൾ. ഇഫ്താർ- ഈദ് സൗഹൃദ സദസ്സുകളിൽ സ്ഥിരം ക്ഷണിതാവ്.

ക്ഷേത്ര വാദ്യങ്ങളെയും വാദ്യകലാ സംഘാടകരെയും അണിനിരത്തി വാദ്യ കൈരളിയും പഞ്ചമഹാ തായമ്പകയും ശുകപുരത്തിന്റെ പ്രതിഭയുടെ താളപ്പെരുക്കമാണ്. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, ആർട്ടിസ്റ്റ് നമ്പൂതിരി, സൂര്യകാലടി ഭട്ടതിരിപ്പാട്, മഹാകവി അക്കിത്തം തുടങ്ങിയവരിൽ നിന്ന് കീർത്തി നേടിയിട്ടുണ്ട്. മൂക്കുതല കലാ ക്ഷേത്രത്തിൽ നിന്ന് സുവർണമുദ്രയും മറ്റനേകം പുരസ്‌കാരങ്ങളും ശുകപുരത്തെ തേടിയെത്തി. മട്ടന്നൂർ ശങ്കരൻകുട്ടിക്കും കല്ലൂർ രാമൻകുട്ടിക്കും ഒപ്പം കൊട്ടിയെന്ന് മാത്രമല്ല, അരിവാൾ കൈയിലെടുത്ത് സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം കൊയ്ത്തുത്സവത്തിനും ഇറങ്ങി.
മട്ടന്നൂരിനും ശുകപുരത്തിനും രണ്ട് ശൈലികളായിരുന്നിട്ടും ആസ്വാദന തലത്തിൽ ഏകോപനമുണ്ടാക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. തന്നിലുള്ളതിനെ കുറിച്ചും തന്നേക്കാൾ മറ്റെയാൾക്കുള്ള വൈദഗ്ധ്യത്തെ കുറിച്ചും രണ്ടുപേരും ബോധവാന്മാരാണ്. ശാന്ത ഗാംഭീര്യത്തിന്റെ പര്യായമാണ് മട്ടന്നൂരും ശുകപുരവും. വേഷത്തിലും ആകാരത്തിലും സമാനത. തായമ്പക എന്ന വാദ്യകലയെ ഔന്നത്യത്തിലെത്തിക്കുന്നതിൽ സമന്വയിച്ചുള്ള കർമങ്ങൾ ഇരുവരും മുടക്കമില്ലാതെ ചെയ്തുപോരുന്നു.

പുതുതലമുറ മട്ടന്നൂരിന്റെയും കല്ലൂരിന്റെയും തായമ്പകവഴികൾക്ക് പകർപ്പെഴുത്ത് നടത്തുമ്പോൾ മൗലികത നഷ്ടപ്പെടാത്ത വിശിഷ്ടമായ വാദന മികവിൽ തായമ്പക പഠനാത്മകമാക്കുന്നതിന് ശുകപുരത്തിന് കഴിയുന്നു. കൈ ശബ്ദത്തിന്റെ ചായ്പ്പും പൊത്തു കൈയും പ്രയോഗിക്കുന്നതിലുപരി ധിംകാരവും നകാരവും തെളിയിച്ചു കൊട്ടുന്നതിനാണ് എണ്ണപ്പെരുക്കങ്ങൾ സ്ഫുടമാക്കുന്നതിന് വഴിയൊരുക്കുക. അതുകൊണ്ടുതന്നെ കോൽനാദവും കൈശബ്ദവും ഇഴപിരിക്കാനാവാത്ത മനോധർമങ്ങളിൽ ഈ തായമ്പക വിദ്വാൻ അദ്വീയതയിലെത്തുന്നു. ഔദ്യോഗിക കാലയളവിലും തായമ്പക അരങ്ങുകൾ തീർക്കുന്നതിന് യശഃശരീരരായ പത്മഭൂഷൺ കുഴൂർ നാരായണ മാരാർ, തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ, എടപ്പാൾ അപ്പുണ്ണി തുടങ്ങിയവരിൽ നിന്ന് നിർലോഭ സഹകരണങ്ങൾ ലഭിച്ചിരുന്നുവെന്ന് ശുകപുരം രാധാകൃഷ്ണൻ ഓർമിക്കുന്നു.
സേവപറച്ചിലിന്റെയോ സ്തുതി പാഠകത്വത്തിന്റെയോ ആധിപത്യം, തായമ്പക അരങ്ങുകൾ പാർശ്വവത്കൃതമാക്കിയിട്ടുണ്ടെന്ന് അരങ്ങുകളിലെ സ്ഥിര സാന്നിധ്യങ്ങൾ തെളിയിക്കുന്നു. അച്ഛൻ രാഘവപണിക്കർക്ക് പുറമെ, നീട്ടിയത്ത് ഗോവിന്ദൻ നായർ, കരിക്കാട്ട് അപ്പുമാരാർ, മലമക്കാവ് ഗോപിമാരാർ തുടങ്ങിയവരിൽ നിന്ന് കൂടുതൽ പഠനമികവ് നേടാനായതും വെള്ളിത്തിരുത്തി കുട്ടികൃഷ്ണൻനായർ, പുലാപ്പറ്റ രാമമാരാർ എന്നിവരിൽ നിന്ന് ഹ്രസ്വകാല തിമില പഠനവും ശുകപുരത്തിന്റെ വാദ്യോപാസനയിൽ തെളിയുന്ന ചിത്രങ്ങളാണ്. 2007 മുതൽ സേവനാന്ത്യം വരെ ചെർപ്പുളശ്ശേരി കൃഷി ഓഫീസർ ആയിരുന്നു ഈ വാദ്യ വിദഗ്ധൻ.

സമദ് കല്ലടിക്കോട്
•samadklkd@gmail.com