Connect with us

Ongoing News

ആ വിശേഷണത്തിനൊരു തിരുത്ത്

Published

|

Last Updated

“ഏറ്റവും പിശുക്കനായ ചക്രവർത്തി”. ഇന്ത്യ കണ്ട മികച്ച ഭരണാധികാരികളിലൊരാളായ അബുൽ മുളഫ്ഫർ മുഹ്്യുദ്ദീൻ മുഹമ്മദ് ആലംഗീറെന്ന ഔറംഗസീബിനെതിരെ ആദ്യമായി കേട്ട വിമർശമാണിത്. പത്താം തരത്തിൽ സാമൂഹ്യ ശാസ്ത്രാധ്യാപിക നടത്തിയ ഈ വിമർശമാണ് കൂടുതൽ ഔറംഗസീബ് വായനക്ക് പ്രേരിപ്പിച്ചത്. ഇസ്്ലാമിക വീക്ഷണത്തിൽ സ്തുത്യർഹ ഭരണം കാഴ്ചവെച്ച ഖുലഫാഉർറാശിദുകളും സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയും നടന്ന വഴി അനുധാവനം ചെയ്ത ഔറംഗസീബിന്റെ ആത്മീയ മേഖലകളാണ് അന്വേഷണത്തിൽ കാണാൻ സാധിച്ചത്.
പിതാവായ ഷാജഹാൻ ചക്രവർത്തിയുടെ ആറാമത്തെ പുത്രനായി 1618ൽ (ഹിജ്‌റ 1028 ദുൽഖഅദ് 15) ജനനം. ഡെക്കാനിലെ സുബേദാറിൽ നിന്ന് ചക്രവർത്തിപദത്തിലേക്ക്. മുംതാസ് മഹലാണ് ഉമ്മ. ചെറുപ്രായത്തിലേ തന്റെ സഹോദരങ്ങളെക്കാൾ ഭരണനൈപുണിയും അസാമാന്യ ധൈര്യവുമായിരുന്നു ഔറംഗസീബിന്. 1657 മുതൽ 1707 വരെ അര നൂറ്റാണ്ട് കാലം ഇന്ത്യയുടെ ഭരണചക്രം തിരിച്ച അദ്ദേഹം മറ്റ് മുഗളരെ അപേക്ഷിച്ച് വിദ്യയിലും നീതിയിലും വളരെ മുന്നിലായിരുന്നു. ഭരണമേറ്റെടുത്ത ശേഷമാണ് ഖുർആൻ മനഃപാഠമാക്കിയതെന്നത് അദ്ദേഹത്തിന്റെ ഭക്തിയെ അടയാളപ്പെടുത്തുന്നുണ്ട്. നിരവധി വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം ഇമാം ഗസ്സാലിയുടെ ഇഹ്്യ ഉലൂമുദ്ദീൻ താത്പര്യപൂർവം വായിക്കാറുണ്ടായിരുന്നു. സൂഫിയായിരുന്ന ശറഫുദ്ദീൻ യഹ്്യ മനേരിയും ശൈഖ് ശീറാസിയും അദ്ദേഹത്തിന്റെ ഇഷ്ട എഴുത്തുകാരായിരുന്നു. ജീവിതകാലത്ത് ധാരാളം സൂഫികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം തന്റെ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തത് ശൈഖ് സൈനുദ്ദീൻ ശീറാസിയുടെ സമീപത്താണ്. 1707ൽ മരണവുമായി മല്ലിടുമ്പോഴും തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് പൂർണ ബോധ്യമുള്ള അദ്ദേഹം പ്രജകളുടെ ക്ഷേമ കാര്യങ്ങളന്വേഷിക്കുന്നത് കണ്ട ഫ്രഞ്ച് സഞ്ചാരി ഫ്രാങ്കോയിസ് ബർണിയർ തന്റെ സഞ്ചാരപുസ്തകത്തിൽ ഈ രംഗം രേഖപ്പെടുത്തിയതിങ്ങനെ: “എന്തൊരു മനോധൈര്യം! അങ്ങയുടെ സേവനത്തിന് പ്രതിഫലമായി ഇതാ സ്വർഗത്തിൽ ഇരിപ്പിടം തയ്യാറായിരിക്കുന്നു. മരണം തങ്ങൾക്ക് വിധിക്കപ്പെട്ടതല്ല!”

ഔറംഗസീബും
സ്വദഖതുല്ലാഹിൽ ഖാഹിരിയും

ഔറംഗസീബും ഖുത്ബിയ്യത്, അല്ലഫൽ അലിഫ് തുടങ്ങിയ അനുഗ്രഹീത രചനകളുടെ രചയിതാവായ ഹിജ്റ 1042ൽ ജനിച്ച സ്വദഖതുല്ലാഹിൽ ഖാഹിരി(റ)യും ഒരേ കാലഘട്ടത്തിലായിരുന്നു ജീവിച്ചത്. ഇവർ തമ്മിൽ ആത്മീയ ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ വെച്ചാണ് പരിചയപ്പെട്ടത്. തമിഴ്നാട്ടിലെ കീളക്കര കേന്ദ്രീകരിച്ച് പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന സ്വദഖതുല്ലാഹിൽ ഖാഹിരി (റ) ഡൽഹിയിൽ ഷാജഹാൻ ചക്രവർത്തി നിർമിച്ച ജുമാ മസ്ജിദിൽ ദീനീ പ്രചാരണത്തിനെത്തി. അദ്ദേഹത്തിന്റെ പാണ്ഡിത്യം അന്നാട്ടുകാരെ പോലെ അന്നവിടെയെത്തിപ്പെട്ട അറബികളെയും അത്ഭുതപ്പെടുത്തി. അസൂയ മൂത്ത അറബികൾ ഖാഹിരിയെ ഉത്തരം മുട്ടിക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും പരാജയം ബോധ്യപ്പെട്ടതോടെ സിഹ്ർ ചെയ്യാൻ തീരുമാനിച്ചു. തങ്ങളെ ധാരാളം നന്മകൾ പഠിപ്പിച്ചു തന്നതിനുള്ള പാരിതോഷികമെന്ന വ്യാജേന സിഹ്ർ ചെയ്ത ഒരു തൊപ്പി മഹാനെ ധരിപ്പിക്കാനായി തുനിഞ്ഞപ്പോൾ ഒരു കൈ നീണ്ടുവന്ന് അത് തട്ടിയെറിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് ഒരു വലിയ പണ്ഡിതൻ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന് കുറച്ച് കഴിഞ്ഞാണ് ഭരണാധികാരിയായിരുന്ന ഔറംഗസീബിന്റെ ചെവിയിലെത്തുന്നത്. അറബികളെ തറപറ്റിച്ച വിവരം കൂടിയറിഞ്ഞതോടെ ആ പണ്ഡിതനെ കാണാനും പരിചയപ്പെടാനും രാജാവിന് അതിയായ ആഗ്രഹമായി. രാത്രി വേഷപ്രച്ഛന്നനായി നഗരം ചുറ്റാനിറങ്ങിയ ചക്രവർത്തി ജുമാമസ്ജിദിന്റെ അരികിലെത്തിയപ്പോൾ പള്ളിയിൽ നിന്ന് പതിഞ്ഞ സ്വരത്തിലുള്ള ദിക്‌റിന്റെ ശബ്ദം കേട്ടു. ഉടനെ പള്ളിയിൽ കയറി. പള്ളിയുടെ ഒരു മൂലയിലിരുന്ന് ദിക്ർ ചൊല്ലുന്ന മനുഷ്യനോട് അദ്ദേഹം സലാം പറഞ്ഞു. മറുപടി വന്നില്ല. വീണ്ടും പറഞ്ഞുനോക്കി. നിരാശയായിരുന്നു ഫലം.

ഫ്രാങ്കോയിസ് ബർണിയർ

മൂന്നാം തവണ സലാം പറഞ്ഞപ്പോൾ അലൈക വ അലൈഹിസ്സലാം (നിനക്കും അവനും സലാം) എന്ന മറുപടിയാണ് വന്നത്. ഇതുകേട്ട ചക്രവർത്തി തന്റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി. ആരെയും കണ്ടില്ല. പിന്നെ എന്തിനാണ് അദ്ദേഹം അങ്ങനെ മറുപടി പറഞ്ഞത്? ചക്രവർത്തിക്ക് സംശയമായി. താങ്കൾ ആരാണ്? ചക്രവർത്തി ചോദിച്ചു. “ഞാനീ രാജ്യത്തിന്റെ ബാദുഷയാണ്.” “താങ്കളെന്താ അങ്ങനെ പറയുന്നത്? ഈ രാജ്യത്തിന്റെ ബാദുഷ ഔറംഗസീബല്ലേ?”. “അതെ, അദ്ദേഹത്തെ നാട് ഭരിക്കാനാണ് ഏൽപ്പിച്ചത്. ഞാൻ ജനങ്ങളുടെ ഹൃദയം ഭരിക്കാൻ നിയുക്തനാണ്.” “താങ്കളുടെ പേര്?”. “സ്വദഖത്തുല്ല”. പേരുകേട്ടതും ഔറംഗസീബ് താഴ്മയോടെ “ഒരു സംശയം, ഞാൻ രണ്ട് തവണ സലാം പറഞ്ഞപ്പോൾ നിങ്ങൾ സലാം മടക്കിയില്ല, എന്നാൽ, മൂന്നാമതും ആവർത്തിച്ചപ്പോൾ നിങ്ങൾ അലൈക വ അലൈഹിസ്സലാം എന്നാണ് പറഞ്ഞത്. ഞാൻ തനിച്ചായിരുന്നല്ലോ പിന്നെന്തിനാണ് അങ്ങനെ പറഞ്ഞത്?” എന്ന് ചോദിച്ചു. സ്വദഖത്തുല്ല (റ) പറഞ്ഞു: “ഞാൻ പരിസരം മറന്ന് ദിക്‌റിൽ മുഴുകിയിരിക്കുമ്പോഴായിരുന്നു നിങ്ങൾ സലാം ചൊല്ലിയത്. അതുകൊണ്ട് അതെന്റെ ചെവിയിലെത്തിയില്ല. നിങ്ങൾ മൂന്നാമതും സലാം പറഞ്ഞപ്പോൾ, ഔറംഗസീബ് താങ്കളോട് സലാം പറയുന്നുണ്ടെന്ന് ഒരു മലക് എന്റെ ചെവിയിൽ പറഞ്ഞപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്. അപ്പോൾ ഞാൻ മലകിനും നിങ്ങൾക്കും കൂടി സലാം മടക്കിയതാണ്.” മഹാനെ പിറ്റേന്ന് കൊട്ടാരത്തിലേക്ക് ക്ഷണിച്ചെങ്കിലും രാജദർബാറുകളിലേക്ക് പോകാറില്ലെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ക്ഷണം നിരസിച്ചു. ഈ സംഭവത്തോടെയാണ് അവർ തമ്മിൽ ആത്മീയബന്ധം തുടങ്ങുന്നത്. ഹിജ്റ 1115ൽ ഖാഹിരിയുടെ വഫാത്ത് വരെ ബന്ധം തുടർന്നു.

ഹനഫീ മദ്ഹബുകാരനായ ഔറംഗസീബ് മത വിഷയങ്ങളിൽ കണിശത പുലർത്തിയിരുന്നു. ചെറുപ്രായത്തിലേ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹത്തിന് ഖുർആൻ വ്യാഖ്യാനം, ഹദീസ്, കർമശാസ്ത്രം എന്നിവയിൽ അവഗാഹമുണ്ടായിരുന്നു. 1683ൽ ഡെക്കാനിൽ വിപ്ലവം നടന്നപ്പോൾ പരിഹരിക്കാനായി ഔറംഗസീബ് അവിടെയെത്തി. അന്ന് രാത്രി അദ്ദേഹമൊരു സ്വപ്‌നം കണ്ടു. നബി തങ്ങൾ ഒരിടത്തിരിക്കുന്നു, കൂടെ അലിയാരുമുണ്ട്. മുത്ത് നബിയുടെ മുന്നിൽ ഭവ്യതയോടെ ഔറംഗസീബ് നിൽക്കുന്നു. അപ്പോൾ നബി തങ്ങൾ അലി(റ)യോട് ചോദിച്ചു. “ഇന്ന് പ്രധാന സംഭവങ്ങൾ വല്ലതുമുണ്ടോ?”. “അതെ, ഔറംഗസീബിനെ കൊല്ലാൻ ശത്രുക്കൾ പദ്ധതിയിട്ടിരിക്കുകയാണ്.” “അത് തടയാനുള്ള ഉത്തരവാദിത്വമാർക്കാണ്?” നബി (സ) ചോദിച്ചു. അപ്പോൾ അലി (റ) ഒരാളെ ചൂണ്ടി. ഔറംഗസീബ് അങ്ങോട്ടുനോക്കി. വർഷങ്ങൾക്ക് മുമ്പ് ഡൽഹി ജുമാമസ്ജിദിൽ വെച്ച് അർധരാത്രി പരിചയപ്പെട്ട മഹാൻ. അതെ, സ്വദഖത്തുല്ലാഹിൽ ഖാഹിരി. അദ്ദേഹമവിടെ പുഞ്ചിരി തൂകി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഔറംഗസീബ് ഞെട്ടിയുണർന്നു. പിന്നെ ഉറക്കം വന്നതേയില്ല. അൽപ്പനേരം കഴിഞ്ഞതും ഊരിപ്പിടച്ച വാളുകളുമായി ചിലർ തന്നെ ലക്ഷ്യമാക്കി വരുന്നത് അദ്ദേഹം കണ്ടു. ചക്രവർത്തി അവരുടെ നേർക്ക് നോക്കിയ ക്ഷണം അവരുടെ കൈകളിൽ നിന്ന് വാളുകൾ ഊർന്നുവീണു. ശത്രുക്കൾ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു. “എന്താണ് കാര്യം?” ചക്രവർത്തി അത്ഭുതത്തോടെ ചോദിച്ചു. “ഞങ്ങൾ അറിവില്ലാതെ, സമ്പത്തിനോടുള്ള ആശ കാരണം അങ്ങയെ വധിക്കാൻ വന്നതാണ്, മാപ്പ് നൽകണം”- കൂപ്പുകൈകളോടെ ശത്രുക്കൾ വിക്കി. “എന്നിട്ടെന്താ എന്നെ വധിക്കാത്തത്?”. “ഞങ്ങൾ താങ്കളുടെ അരികിലെത്താനായപ്പോൾ എന്തോ ഒരു ശക്തി ഞങ്ങളെ ഞെട്ടിച്ചു, കൈകൾ വിറച്ചു, വാളുകൾ താഴെ വീണു.”

സ്വദഖത്തുല്ല (റ) ഔറംഗസീബിനെ പ്രകീർത്തിച്ചെഴുതിയ കവിതയിൽ അദ്ദേഹത്തെ ആ നൂറ്റാണ്ടിന്റെ മുജദ്ദിദ് ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇസ്‌ലാമിന് പൂർവോപരി ചൈതന്യം കൈവന്നിരുന്നു.

യുദ്ധത്തിനിടെ ആരാധന

ഔറംഗസീബ് ചക്രവർത്തിയാകുന്നതിന് മുമ്പ് 1647ൽ ഷാജഹാൻ ചക്രവർത്തി ഔറംഗസീബിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ ഉസ്ബെക്കുകളുമായുള്ള യുദ്ധത്തിന് ബൽഖിലേക്ക് അയച്ചു. ജൈഹൂൻ നദീതീരത്തുള്ള ചരിത്രപ്രസിദ്ധമായ നഗരമാണ് ബൽഖ്. അംഗബലത്തിൽ ഉസ്ബെക്കുകൾക്കായിരുന്നു മുൻതൂക്കം. യുദ്ധം തുടങ്ങി. ഇരു വിഭാഗവും ശക്തമായി പോരാടി. യുദ്ധം തുടരുന്നതിനിടെ നിസ്‌കാരത്തിന് സമയമായി. ഉടനെ ഔറംഗസീബ് പടക്കളത്തിൽ വെച്ച് നിസ്‌കരിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഈ സമയത്തെ നിസ്‌കാരം അപകടമാണെന്ന് പറഞ്ഞ് സ്വന്തം സേനാനായകന്മാർ അദ്ദേഹത്തെ തടയാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കുതിരപ്പുറത്ത് നിന്നിറങ്ങി അദ്ദേഹം സംഘമായി തന്നെ നിസ്‌കരിച്ചു. ഔറംഗസീബിന്റെ ഈ ധൈര്യം കണ്ട ഉസ്‌ബെക്ക് ഭരണാധികാരി അബ്ദുൽ അസീസ് ഖാൻ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഔറംഗസീബിനോട് അദ്ദേഹം പറഞ്ഞു: “ഇങ്ങനെയുള്ളവരോട് യുദ്ധം ചെയ്യുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അല്ലാഹുവിനെ പേടിക്കുന്നവർ മറ്റാരെയും ഭയപ്പെടില്ല.”
ഖുലഫാഉർറാശിദുകൾ, നൂറുദ്ദീൻ സങ്കി, സ്വലാഹുദ്ദീൻ അയ്യൂബി, നാസറുദ്ദീൻ മഹ്മൂദ് തുടങ്ങി നല്ല രീതിയിൽ ഭരണം നടത്തിയവരായിരുന്നു ഔറംഗസീബിന്റെ മാതൃകകൾ. ഭരണത്തിലും ആരാധനകളിലും പരമാവധി സൂക്ഷ്മത പുലർത്തിയിരുന്ന മുൻ മാതൃകകളെ പോലെ ഇദ്ദേഹവും തന്റെ ഭൂരിഭാഗം സമയവും ഭരണം, ആരാധന എന്നിവക്കായിരുന്നു മാറ്റിവെച്ചിരുന്നത്. മൂന്ന് മണിക്കൂർ മാത്രമായിരുന്നു ഉറക്കം. ഭരണത്തിലെ എല്ലാ സൂക്ഷ്മ കാര്യങ്ങളിലും അദ്ദേഹത്തിന് കൃത്യമായ വിവരമുണ്ടായിരുന്നു. ഔറംഗസീബിന്റെ കൊട്ടാരത്തിൽ 12 വർഷം താമസിക്കാൻ അവസരം ലഭിച്ച ഒരു വിദേശ സഞ്ചാരി എഴുതുന്നു: “ജൂൺ മാസത്തിലാണ് ഔറംഗസീബ് ഡൽഹിയിലെത്തുന്നത്. കടുത്ത ഉഷ്ണമായിട്ടും റമസാനിലെ മുഴുവൻ നോമ്പുകളും അദ്ദേഹം അനുഷ്ഠിച്ചിരുന്നു. ഉപവാസമനുഷ്ഠിക്കുമ്പോഴും ഭരണകാര്യങ്ങളെല്ലാം മുറക്ക് നടത്തിയിരുന്നു. തറാവീഹ് നിസ്‌കാരത്തിൽ കൃത്യമായി പങ്കെടുത്തിരുന്ന അദ്ദേഹം, രാത്രിയുടെ ഏറിയ ഭാഗവും ആരാധനയിലാണ് കഴിച്ചുകൂട്ടിയിരുന്നത്.
(അവസാനിക്കുന്നില്ല)

.

Latest